ഇന്റർനെറ്റ് സെർച്ച് ചെയ്തുകിട്ടുന്ന എലമെന്റുകൾ പുറംമോടിക്കു വേണ്ടി മാത്രം വീടുകളിൽ പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ തുടർച്ചയായി ആറുമാസവും മഴ പെയ്യുന്ന കേരളത്തിന് അത്തരം എലമെന്റുകൾ യോജിച്ചതാണോ എന്ന് ആരും ചിന്തിക്കാറില്ല. പക്ഷേ കാലാവസ്ഥ അനുസരിച്ചുള്ള തയ്യാറെടുപ്പ് നമ്മുടെ അനാവശ്യ ചെലവുകളെ ഒരുപരിധിവരെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

കൃത്യമായ ഒരു പ്ലാനിങ്ങും ബജറ്റിങ്ങും വീട് നിർമാണത്തിന്റെ കാര്യത്തിൽ മികച്ച റിസൽട്ടുണ്ടാക്കി തരും. ചെലവുചുരുക്കുക എന്നതുകൊണ്ട് സൗകര്യങ്ങൾ വേണ്ടെന്നു വെക്കുക എന്നല്ല, സ്വന്തം ബജറ്റിന് അനുസരിച്ച് അതിനൊത്ത മൂല്യമുള്ള ഒരു സ്വപ്നഗൃഹം ഉണ്ടാക്കിയെടുക്കുക എന്നതാണ്.
മികച്ച സൗകര്യങ്ങളെല്ലാം വേണമെന്ന് ആഗ്രഹിക്കുകയും ഭംഗിയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാതിരിക്കുകയും എന്നാൽ പണച്ചെലവ് നിയന്ത്രണത്തിലാക്കുകയും ചെയ്യുക എന്നതാണ് ഗൃഹനിർമാണ കാര്യത്തിൽ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ. കാലാവസ്ഥയ്ക്കനുസരിച്ചുള്ള തയ്യാറെടുപ്പ്, പ്ലാനിങ്, മികച്ച പ്രോജക്ട് മാനേജ്മെന്റ്, ഗൃഹനിർമാണ വസ്തുതകളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് തുടങ്ങിയ കാര്യങ്ങൾ നിങ്ങളുടെ ഗൃഹനിർമാണത്തെ സുഗമമാക്കുന്നു.
ബജറ്റിങ് എന്ന ഒറ്റ ആശയംകൊണ്ടുതന്നെ നമുക്ക് ഈ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുകയും വീട് സ്വന്തമാക്കാനും സാധിക്കും. ബജറ്റിങ് പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് പ്രോജക്ട് മാനേജ്മെന്റ്. സമയത്തെ സമർഥമായി ഉപയോഗിച്ച് എങ്ങനെ ചിലവ് ചുരുക്കാം എന്നതാണ് ഈ ഘട്ടം കൊണ്ട് മനസ്സിലാക്കുന്നത്.

ഹോൾസെയിൽ വിലയിൽ സാധനങ്ങൾ വാങ്ങാൻ അവസരം കിട്ടുകയാണെങ്കിൽ വീടുപണിയിൽ ഏറ്റവും ലാഭമുണ്ടാക്കാവുന്ന ഘട്ടമാണിത്. ഗ്രാനൈറ്റ്, മാർബിൾ എന്നിവ വാങ്ങുമ്പോൾ വലിപ്പം കൂടിയവ വാങ്ങാൻ ശ്രദ്ധിക്കുക. ഒപ്പംതന്നെ മുറിയുടെ വലിപ്പവും പരിഗണിക്കണം. ബോർഡർ വർക്കുകൾ, അരിക് മോൾഡ് ചെയ്തെടുക്കുന്ന വർക്കുകൾ എന്നിവയ്ക്ക് താരതമ്യേന പണച്ചെലവേറും. മുകളിൽ പറഞ്ഞ ഇത്തരം കാര്യങ്ങൾ വളരെ വ്യക്തതയോടെയും പ്ലാനിങ്ങോടെയും ചെയ്തെടുത്താൽ വീടുപണി വിചാരിച്ച ബജറ്റിൽ ഒതുക്കാം.
ഭാവിയിൽ വന്നേക്കാവുന്ന ആവശ്യങ്ങളും സൗകര്യങ്ങളും മുൻകൂട്ടി കണ്ടുവേണം വീടൊരുക്കാൻ. വീട്ടിലെ അംഗങ്ങളുടെ അഭിപ്രായങ്ങൾ കൃത്യമായി അറിഞ്ഞതിനുശേഷം മാത്രം പ്ലാൻ തയ്യാറാക്കാൻ തുടങ്ങാം. പ്ലാൻ വരയ്ക്കുമ്പോൾ തന്നെ ഒരിഞ്ചുസ്ഥലം പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കണം. അമിതമായ ചെലവുകൾ വരുന്നത് പ്ലാനിൽ പിന്നെയും പിന്നെയും മാറ്റങ്ങൾ കൊണ്ടുവരുമ്പോഴാണ്. മുറികളുടെ വലിപ്പം കുറയ്ക്കുന്നതുകൊണ്ട് ചെലവിൽ വലിയ വ്യത്യാസം വരാനിടയില്ല. മറിച്ച് മുറികളുടെ എണ്ണം കുറച്ച് ചെലവ് കുറയ്ക്കാം. ലഭ്യത കൂടുതലും വിലക്കുറവും നോക്കി നിർമാണ സാമഗ്രികൾ വാങ്ങിക്കാം. വീടിന്റെ പാദുകം പണിയാനായി കരിങ്കല്ലോ ചെങ്കല്ലോ ഉപയോഗിക്കാം. ഇഷ്ടികയോ വെട്ടുകല്ലോ ഉപയോഗിച്ച് ഭിത്തി നിർമിക്കാം. മരത്തിന്റെ കനം പരമാവധി കുറച്ച് പാനലിങ് ചെയ്താൽ കനം കൂടുതൽ തോന്നിക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യാം. ബജറ്റിങ് ഏറ്റവും അത്യാവശ്യമായ ഘട്ടമാണ് കോൺക്രീറ്റിങ്. വീടുപണിയിലെ ഏറ്റവും ഭീമമായ നഷ്ടം സംഭവിക്കുന്നത് കോൺക്രീറ്റിങ്ങിലാണ്. കോൺക്രീറ്റിന്റെ കനവും അതുപയോഗിക്കുന്ന കമ്പിയുടെ വലിപ്പവും നീളവും ഒരു എൻജിനീയറെക്കൊണ്ട് ഡിസൈൻ വർക്ക് ചെയ്താൽ കോൺക്രീറ്റിങ് ലാഭകരമാക്കാം,

കൊത്തുപണികളോടു കൂടിയ വലിയ വാതിലുകൾ നമ്മുടെ വീടിനെ മോടിപിടിപ്പിക്കുന്ന ഒന്നാണ്. എന്നാൽ ഏറ്റവും ചെലവേറിയ പണിയും ഇതുതന്നെയാണ്. മരത്തിന്റെ ഡോറുകൾക്കു പകരം ബ്രാന്റഡ് റെഡിമെയ്ഡ് ഡോറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത്തരം ഡോറുകൾക്ക് സാധാരണ മരഡോറിനേക്കാൾ നാലിലൊന്നു ചെലവു മാത്രമേ ഉള്ളു. കബോഡുകൾ, മോഡുലാർ കിച്ചൺ സെറ്റ് എന്നിവയ്ക്കായി ഫെറോ സിമന്റ് സ്ലാബുകൾ ഉപയോഗിക്കാം. ദീർഘനാൾ ഈടു നിൽക്കുന്നതോടൊപ്പം ചെലവും വളരെ കുറവാണ്. ബജറ്റ് ഹോമുകളിൽ പ്രധാനപ്പെട്ട മറ്റൊരു ആശയമാണ് വുഡ് സീസണിങ്. സീസൺ ചെയ്തെടുത്ത മരഉരുപ്പടികൾ സീസൺ ചെയ്യാത്തവയേക്കാൾ കൂടുതൽ ഈടുനിൽക്കുന്നു. വിലകൂടിയ വലിയ മരങ്ങൾക്കു പുറകെ പോകാതെ സീസൺ ചെയ്ത വിലകുറഞ്ഞ മരം ഉപയോഗിച്ച് അധികചെലവ് നിയന്ത്രിക്കാം. നമ്മുടെ നാട്ടിൽ സർവസാധാരണമായ മാവുകൾ വുഡ് സീസണിങ്ങിന് വിധേയമാക്കിയാൽ തേക്ക് മരത്തിന്റെ ഫിനിഷിങ് ലഭിക്കും. ഭംഗി നഷ്ടമാകാതെ പണം ലാഭിക്കാം.
പുഴ മണലില്ലെങ്കിൽ വീടുപണി നിന്നുപോകുമെന്ന അവസ്ഥയാണ് പലപ്പോഴും കാണാറുള്ളത്. എന്നാൽ ഈ മണലിന് എത്രത്തോളം ഗുണമേൻമയുണ്ടെന്ന് നമ്മളിൽ പലരും ചിന്തിക്കാറില്ല. എത്രവിലകൊടുത്തും പുഴമണൽ ഉപയോഗിക്കുന്ന രീതിമാറ്റി മാനുഫാക്ചറിങ് സാൻഡ് പരീക്ഷിച്ചു നോക്കൂ. ചെലവുകുറയ്ക്കാനുള്ള മറ്റൊരു മികച്ച ആശയമാണ് എം സാൻഡ്