സ്വാഭാവിക രീതിയിൽ നിന്നും മാറിചിന്തിക്കുന്നവരാണിന്ന് കൂടുതലും. വീടിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്.വീട് പണിയുമ്പോൾ അത് മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കാത്തവരും കുറവായിരിക്കും. അത്തരത്തിൽ നിർമ്മിച്ച ഒരു ബബിൾ ഹൗസാണ് വുഡ്ബി ഇന്ന് പരിചയപ്പെടുത്തുന്നത്. കുറച്ചധികം ഗോളങ്ങൾ ചേർത്തുവച്ചത് പോലെ വ്യത്യസ്തമായ ആകൃതിയിലുള്ള ഈ വീട് ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിലാണുള്ളത്. 1.5 മില്യൺ ഓസ്ട്രേലിയൻ ഡോളറാണ് ഈ വീടിന്റെ വിപണി വില.

ഓസ്ട്രേലിയൻ ആർക്കിടെക്ടായ ഗ്രഹാം ബിർച്ചാളാണ് 1980 ൽ ഈ വീട് നിർമ്മിച്ചത്. 37 വർഷത്തോളെ ഗ്രഹാം ഈ വീട്ടിലാണ് താമസിച്ചത്. തന്റെ കൊച്ചു മക്കൾക്കൊപ്പം ജീവിക്കാനായി ഗ്രഹാം ഈ വീട് ഇപ്പോൾ വിൽപനയ്ക്കു വച്ചിരിക്കുകയാണ്.
മൂന്നു നിലകളുള്ള വീടാണ് ഇതെങ്കിലും പുറമേനിന്ന് ഒറ്റനോട്ടത്തിൽ എത്ര നിലകളുണ്ട് എന്നുപോലും തിരിച്ചറിയാനാവില്ല. 1,050 സ്ക്വയർ മീറ്റർ ഫ്ളോറിൽ 20 മുറികളോടെയാണ് ഈ വ്യത്യസ്തമായ വീട് നിർമിച്ചിരിക്കുന്നത്.

ഈ വീട് നിർമ്മിക്കാനെടുത്ത കാലയളവിലെ കുറിച്ച് കേട്ടാലും അത്ഭുതം തോന്നും. പത്തു വർഷം വേണ്ടി വന്നു ബബിൾ ഹൗസിന്റെ നിർമ്മാണം പൂർത്തിയാവാൻ. മൂന്നരലക്ഷത്തോളം കമ്പികൾ വീട് നിർമിക്കാനായി വേണ്ടിവന്നു.

ടണലിന്റെ ആകൃതിയിലാണ് വീടിന്റെ പ്രവേശന കവാടം. നാസയുടെ മാർസ് റോവറിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച രണ്ട് ജനാലകളാണ് വീട്ടിലെ പ്രധാന ആകർഷണം. സ്വീകരണമുറി, വിശ്രമമുറി, കിടപ്പുമുറികൾ, അടുക്കള എന്നിവയ്ക്കുപുറമേ രണ്ട് ലൈബ്രറികൾ, ബാർ, സ്പാ, വൈൻ നിലവറ, ഓഫീസ് സ്പേസ് എന്റർടെയിൻമെന്റ് റൂം തുടങ്ങിയ സൗകര്യങ്ങളും ബബിൾ ഹൗസിൽ ഒരുക്കിയിട്ടുണ്ട്.
റെയിൻ ബാത്തിനുള്ള സൗകര്യം, വിശാലമായ ടെറസ്, നാലു കാറുകൾ പാർക്ക് ചെയ്യാവുന്ന ഗ്യാരേജ് എന്നിവയാണ് മറ്റു പ്രത്യേകതകൾ. 1.2 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീട്ടിൽ വാട്ടർ ഫൗണ്ടൻ, വുഡ് ബർണർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഇത്തരത്തിൽ കെട്ടിട നിർമ്മാണ രംഗത്തെ കൂടുതൽ മനോഹരവും വിചിത്രവുമാക്കി മാറ്റുന്ന ആർകിടെക്ചേഴ്സിന് കൈയ്യടി നൽകിയേ മതിയാകൂ.