വീട് വെക്കും മുമ്പ് പ്ലാനിനെക്കുറിച്ചും നിർമാണത്തെക്കുറിച്ചും മാത്രം ശ്രദ്ധിച്ചാൽ പോരാ, പ്ലോട്ടിനെക്കുറിച്ചും കൃത്യമായി ധാരണയുണ്ടായിരിക്കണം. പലരും വീട് നിർമിച്ച് വർഷങ്ങൾ കഴിയുമ്പോഴാണ് പ്ലോട്ടിന്റെ പല പരിമിതികളും തിരിച്ചറിയുന്നത്. കെട്ടിട നിർമാണ നിയന്ത്രണ നിയമങ്ങളെക്കുറിച്ച് വേണ്ടവിധം പഠിക്കാതെ വസ്തു വാങ്ങി കബളിപ്പിക്കപ്പെടുന്നവരും കുറവല്ല. വസ്തു വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വൈദ്യുതി വകുപ്പ്, വാട്ടർ അതോറിറ്റി, റവന്യു വകുപ്പ്, രജിസ്ട്രേഷൻ വകുപ്പ്, അഗ്നിശമനസേന, തുടങ്ങി വസ്തുവിന്റെ സ്വഭാവമനുസരിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് വസ്തു ഇടപാടുകൾ പൂർത്തീകരിക്കേണ്ടത്.
ഇടപാടിന്റെ എല്ലാ ഘട്ടത്തിലും രേഖകളെല്ലാം കൃത്യമാണോ എന്ന കാര്യം പരിശോധിക്കണം. റിയൽ എസ്റ്റേറ്റ് രംഗത്തോ രജിസ്ട്രേഷൻ രംഗത്തോ ജ്ഞാനമുള്ള വിശ്വസ്തനായ ഒരാളുടെ സഹായം ഇതിനായി തേടാം.
കെട്ടിട്ട നിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റ് എടുത്തിരിക്കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്നാണ് (കോർപ്പറേഷൻ, പഞ്ചായത്ത്, മുൻസിപ്പാലിറ്റി) പെർമിറ്റ് എടുക്കേണ്ടത്. കെട്ടിടം, വീട് എന്നിവ നിർമിക്കുന്നതിനായി സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സർക്കാർ തന്നെ നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
കെട്ടിടനിർമാണ ചട്ടങ്ങൾ, നഗരാസൂത്രണ പദ്ധതികൾ, പൈതൃക മേഖല, തീരദേശ പരിപാലനനിയമം, തുടങ്ങി നിരവധി നിയന്ത്രണ നിയമങ്ങൾ കേരളത്തിൽ നിലവിലുണ്ട്. കേരളത്തിലെവിടെ വസ്തു വാങ്ങിയാലും അത് മേൽപ്പറഞ്ഞ നിയമങ്ങൾ ലംഘിക്കാതെ വീടു പണിയുവാൻ സാധിക്കുന്ന ഭൂമിയാണോ എന്നതാണ് ആദ്യം പരിശോധിക്കേണ്ട കാര്യം. കെട്ടിട്ട നിർമ്മാണ-നിയന്ത്രണ നിയമങ്ങളെക്കുറിച്ച് വേണ്ടവിധം പഠിക്കാതെ വസ്തു വാങ്ങി നിരവധിപ്പേരാണ് കബളിപ്പിക്കപ്പെട്ടാറ്.
വസ്തുവിനോട് ചേർന്ന് സംരക്ഷിതസ്മാരകങ്ങളോ, ഖനനമോ നടക്കുന്നുണ്ടെങ്കിലും പ്രശസ്തമായ സ്ഥാപനങ്ങളോ മറ്റോ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യം ശ്രദ്ധിക്കണം. നാം നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഇത്തരം സ്ഥാപനങ്ങളുടെ പരിചരണത്തിനോ സുരക്ഷയ്ക്കോ തടസ്സമാക്കാൻ പാടില്ല. ഭാവിയിൽ ഈ സ്ഥാപനങ്ങളിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ കൈവശമുള്ള വസ്തുവിനെ ബാധിക്കുന്നുണ്ടോ എന്നും പരിശോധിക്കണം.

നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള കെട്ടിടം വാങ്ങിക്കുന്ന സ്ഥലത്ത് നിർമിക്കാൻ സാധിക്കുമോയെന്ന് കെട്ടിട നിർമാണ ചട്ട പ്രകാരം രജിസ്റ്റർ ചെയ്ത ലൈസൻസികൾ മുഖേന ഉറപ്പുവരുത്തേണ്ടതാണ്.
പ്രസ്തുത സ്ഥലം ടൗൺ പ്ലാനിങ് സ്കീമിൽ ഉൾപ്പെട്ടതാണോയെന്ന് ലൊക്കേഷൻ പ്ലാൻ കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും അറിയാവുന്നതാണ്. സ്ഥലം ഉൾപ്പെട്ട വില്ലേജും സർവേ നമ്പരും സ്ഥലത്തിന്റെ ലൊക്കേഷൻ പ്ലാനും സഹിതം തദ്ദേശ സ്വയംഭരണം സ്ഥാപനത്തെ ബന്ധപ്പെട്ടാൽ ഇക്കാര്യം അറിയാം
നാം വാങ്ങിയ സ്ഥലത്തിന് സമീപത്തായി സർക്കാർ അംഗീകൃതപദ്ധതികളോ റോഡ് വികസനമോ നടപ്പാക്കാൻ ഉത്തരവുണ്ടെങ്കിലോ സർക്കാരിന് പദ്ധതിയുണ്ടെങ്കിലോ ഭാവിയിൽ അതിനുള്ള സ്ഥലം വിട്ടു കൊടുക്കേണ്ടി വരും. അതിനു ശേഷം ബാക്കിവരുന്ന പ്ലോട്ടിൽ മാത്രമേ നിർമാണം നടത്താൻ സാധിക്കുകയുള്ളൂ. സ്ഥലം ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നോ ജില്ലാ ടൗൺ പ്ലാനറിൽ നിന്നോ ഇത്തരം പദ്ധതികളെക്കുറിച്ച് അറിയാവുന്നതാണ്.
റോഡ് വീതി കൂട്ടുന്നതിനോ വികസിപ്പിക്കുന്നതിനോ ആവശ്യമായ സ്ഥലം സൗജന്യമായി നൽകുകയാണെങ്കിൽ ആയതിന് രേഖാമൂലമായ തെളിവ് വാങ്ങി സൂക്ഷിക്കണം. അപ്രകാരം സൗജന്യമായി നൽകുന്ന സ്ഥലത്തിന് കെട്ടിട നിർമാണച്ചട്ട പ്രകാരമുള്ള പ്രത്യേക ആനുകൂല്യം ബിൽഡിങ് പെർമിറ്റ് വാങ്ങുന്ന സമയത്ത് കൈപ്പറ്റാവുന്നതുമാണ്.
വിമാനത്താവളം, റെയിൽവേ ബൗണ്ടറി, സൈനിക കേന്ദ്രങ്ങൾ, പുരാവസ്തു സംരക്ഷിത സ്മാരകങ്ങൾ തുടങ്ങിയവക്ക് അടുത്തുള്ള പ്ലോട്ടാണെങ്കിൽ, ബന്ധപ്പെട്ട വകുപ്പിന്റെ എൻ.ഒ.സി വാങ്ങുന്നത് ഉചിതമായിരിക്കും.
ഹൈ ടെൻഷൻ വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള പ്ലോട്ടുകൾ കഴിവതും ഒഴിവാക്കുക. അതുപോലെ ഭൂമിവിഭജനം നടന്നിട്ടുള്ള പ്ലോട്ടുകൾ വാങ്ങുന്നതിന് മുൻപ് അവയ്ക്ക് ജില്ലാ ടൗൺ പ്ലാനറുടെയോ ചീഫ് ടൗൺ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ലേ ഔട്ട് അംഗീകാരം ലഭ്യമായ പ്ലോട്ടുകൾ മാത്രം വാങ്ങുക.

അടിയധാരം, മുന്നാധാരം തുടങ്ങിയവ കൃത്യമായി പരിശോധിക്കുക. വാങ്ങിയ വസ്തുവിൽ കേസുകളോ മറ്റു നിയമപ്രശ്നങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തുക. ഒപ്പം വാങ്ങിയ വസ്തുവിൽ ജലലഭ്യത, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങളുണ്ടോയെന്ന് പരിശോധിക്കുക. വസ്തു നിലനിൽക്കുന്നത് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സ്ഥലത്താണെങ്കിൽ ആ കാര്യം കണക്കിലെടുത്ത് വേണം നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ.