വീട് എന്ന് പറയുമ്പോൾ സാധാരണയായി നമ്മുടെ മനസിലുണ്ടാകുന്ന ഒരു സങ്കല്പമുണ്ട്. അടിസ്ഥാനപരമായി ഭിത്തികളും മേൽക്കൂരയുമൊക്കെട്ടുള്ള, ചൂടിൽ നിന്നും മഴയിൽ നിന്നും ഒക്കെ നമ്മെ സംരക്ഷിക്കുന്ന ഒന്നായിരിക്കും ഒരു വീട്. എന്നാൽ ഗ്രീസിലെ വോളിയാന്മനിയിൽ സങ്കൽപത്തിനതീതമായ ഒരു വീടുണ്ട്. ഭിത്തികൾ ഇല്ലാത്ത വീട്. അതിശയം തോന്നുന്നുണ്ടല്ലേ?

ബട്ടർഫ്ലൈ ഹൗസ് അഥവാ പൂമ്പാറ്റ വീട് എന്നാണ് ഈ വീട് അറിയപ്പെടുന്നത്. ഈ വീടുപോലെ മറ്റൊന്ന് ലോകത്തുതന്നെ ഉണ്ടാവില്ല. ആകാശക്കാഴ്ചയിൽ പൂമ്പാറ്റയുടെ ആകൃതിയിൽ കാണപ്പെടുന്നതിനാലാണ് വീടിന് ‘പൂമ്പാറ്റ വീട്’ എന്ന് പേരിട്ടിരിക്കുന്നത്. ഏറെ പ്രത്യേകതകളുള്ള ഈ വീട് ഇപ്പോൾ വില്പനയ്ക്ക് വെച്ചിരിക്കുകയാണ്. വിൽപനയ്ക്കായി പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും വീടിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഈ വർഷം അവസാനത്തോടെ കൈമാറ്റം ചെയ്യാനാകുമെന്ന് നിർമാതാക്കൾ പറയുന്നു. 6.88 മില്യൻ ഡോളറാണ് ഈ അത്യന്താധുനിക വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ രൂപ കണക്കിലെടുത്താൽ ഇത് ഏകദേശം 52 കോടി രൂപ വരും.

പല തട്ടുകളായുള്ള മേൽക്കൂരകളിൽ മുകളിൽ നിന്നും നോക്കുമ്പോൾ പൂമ്പാറ്റയുടെ ആകൃതി തോന്നിപ്പിക്കുന്നതിനായി ദീർഘവൃത്താകൃതിയിലുള്ള ദ്വാരങ്ങൾ നൽകിയിട്ടുണ്ട്. ഭിത്തികൾ ഇല്ലെങ്കിലും സ്വകാര്യത ഉറപ്പുവരുത്തുന്നതിനായാണ് പൂമ്പാറ്റയുടെ ആകൃതി സ്വീകരിച്ചിരിക്കുന്നതെന്ന് പരസ്യത്തിൽ പറയുന്നു.
വോളിയാമ്മനിയിലെ മനോഹരമായ തീരപ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. 5300 ചതുരശ്രഅടിയിൽ മൂന്ന് നിലകളിലായാണ് വീടിന്റെ നിർമ്മാണം. മേൽക്കൂരകൾ ഉറപ്പിച്ചു നിർത്താൻ പ്രധാനമായും തൂണുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു നില ഭൂമിക്കടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ നിലയിൽ മൂന്നു കിടപ്പുമുറികൾ, ഹോം തിയറ്റർ, പ്രത്യേകമായുള്ള ബാത്റൂമുകൾ എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ പ്രത്യേക ബാത്ത്റൂമുകൾക്ക് മാത്രമാണ് ഭിത്തികൾ ഒരുക്കിയിട്ടുള്ളത്.

പൂർണ്ണമായും വെള്ളനിറത്തിലാണ് വീട് പെയിന്റ് ചെയ്തിരിക്കുന്നത്. കൂറ്റൻപാറയ്ക്ക് ചുറ്റുമെന്നോണം നിർമ്മിച്ചിരിക്കുന്ന ഇൻഡോർ പൂളാണ് അകത്തളത്തിലെ പ്രധാന കാഴ്ച. മൂന്നു നിലകളെയും ബന്ധിപ്പിക്കാൻ എലവേറ്റർ സംവിധാനം ഒരുക്കിയിട്ടുണ്ട്. വീടിനു ചുറ്റും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും സ്വകാര്യത ഉറപ്പുവരുത്താൻ സഹായിക്കുന്നുണ്ട്.
ഗ്രൗണ്ട് ഫ്ലോറിൽ ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ഓപ്പൺ കിച്ചൺ, ഒരു കിടപ്പുമുറി എന്നിവയാണ് ഉള്ളത്. ലിവിങ് ഏരിയ, ഡൈനിങ് ഏരിയ എന്നിവിടങ്ങളിൽനിന്ന് വീടിന് പുറം ഭാഗത്തേക്കും സ്വിമ്മിങ് പൂളിലേക്കും നേരിട്ട് എത്താനാകും. മുകൾനിലയിൽ ഒരു കിടപ്പുമുറി, വിശാലമായ വരാന്ത, ജക്കൂസി എന്നിവ ഒരുക്കിയിരിക്കുന്നു. ഇവയ്ക്കുപുറമേ ജോലിക്കാർക്കുള്ള പ്രത്യേക മുറി, ലോൻടി റൂം എന്നിവയും വീട്ടിലുണ്ട്.
Subscribe to Woodbee Online Malayalam Magazine to read about interesting topics.