ചില കുട്ടികൾക്ക് എത്ര ശ്രമിച്ചാലും പഠിക്കാൻ പറ്റാറില്ല. അത് പലപ്പോഴും പഠിക്കാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടാവില്ല, മറിച്ച് പഠിക്കാൻ ഇരിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതയായിരിക്കാം. ശ്രദ്ധ തെറ്റിക്കുന്ന രീതിയിലുള്ള ഒബ്ജക്റ്റുകൾ മുറിയിൽ ഉള്ളത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് തടസ്സമാകാറുണ്ട്.

വെറുതെ ഒരു മേശയും കസേരയുമിട്ടാൽ മാത്രം പഠനമുറിയാകുമോ? ഇല്ല. അതിന് ശാന്തമായ അന്തരീക്ഷവും നല്ല ചുറ്റുപാടുകളുമുണ്ടാവണം. പഠിക്കുന്ന കാര്യങ്ങൾ കൃത്യമായി ഗ്രഹിക്കാനും ഓർത്തിരിക്കാനും ഇത് ഒരു പരിധി വരെ സഹായകമാകും.

പഠനമുറി സജ്ജീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ക്രിയാത്മകവും ഉത്പാദനപരവുമായ ജോലികൾ ചെയ്യുന്നതിനുള്ള ഇടമാണ് നിങ്ങളുടെ പഠനമുറി. അതിനാൽ, മുറിയിൽ മികച്ചരീതിയിൽ പ്രകാശം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ടേബിൾ ലാംപിന് പുറമെ സീലിങ് ലൈറ്റുകളും മുറിയിൽ വേണം. ഇവ മുറിയുടെ അഴക് വർധിപ്പിക്കുന്നതിനൊപ്പം വായനയും സുഗമമാക്കും.

നയന സുഖം നൽകുന്ന നിറങ്ങൾ മുറിക്കായി തിരഞ്ഞെടുക്കാം. പഠനമുറിയുടെ ഭിത്തിക്ക് ഇളം നിറങ്ങൾ നൽകാം. ഫർണിച്ചറുകൾക്ക് ഇവയിൽനിന്ന് വ്യത്യസ്തമായി എടുത്തുകാണിക്കുന്ന നിറങ്ങൾ നൽകാം.
പഠനമുറി ഒരൊറ്റ തീമിൽ ഒരുക്കുന്നതാണ് അഭികാമ്യം. അത് ആർഭാടത്തോടെയാവരുത്. മറിച്ച് ലളിതവും ഒതുക്കമുള്ളതുമായിരിക്കണം.

ഓരോ സാധനങ്ങളും കൃത്യമായി എവിടെ വെക്കണമെന്ന് അറിഞ്ഞിരുന്നാൽ തന്നെ പകുതി പണി കഴിഞ്ഞു. പഠന സാമഗ്രഹികൾ അവയുടെ പ്രധാന്യമനുസരിച്ച് ക്രമീകരിക്കുക. അങ്ങനെയെങ്കിൽ പെട്ടെന്നൊരു അത്യാവശ്യം ഉണ്ടാകുമ്പോൾ പുസ്തകങ്ങളും പേനയും മറ്റും തപ്പി സമയം കളയണ്ട.
മഹാന്മാരുടെ വാക്കുകളോ നമ്മെ പ്രചോദിപ്പിക്കുന്ന വാചകങ്ങളോ ലാമിനേറ്റ് ചെയ്ത് ഭിത്തിയിൽ തൂക്കാം. ലളിതമായ ഗ്രാഫിക് പെയിന്റിങ്ങുകളും ഇപ്രകാരം പഠനമുറിയുടെ ഭിത്തിയിൽ തൂക്കാം.

പഠനമുറി വൃത്തിയായിരിക്കാൻ അത്യാവശ്യം വേണ്ട കാര്യമാണ് ഷെൽഫുകൾ. സാധനങ്ങൾ സൂക്ഷിക്കുന്നതിനും പുസ്തകങ്ങളും പഠനസാമഗ്രഹികളും എടുത്തുവെക്കുന്നതിനും ഷെൽഫ് അത്യാവശ്യമാണ്.