കോവിഡും ലോക്ഡൗണും ഒക്കെയായതോടെ സമയം കൊല്ലാൻ പുതിയ വഴികൾ തിരഞ്ഞവരാണ് നാമെല്ലാം. ബോട്ടിൽ ആർട്ട്, പെയിന്റിംഗ്, ഡിസൈനിങ്, മ്യൂസിക് എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരുണ്ട്.
നേരം പോകാൻ വേണ്ടി വീടിന് മേക്കോവർ വരുത്തിയവരും ധാരാളമാണ്. വീടിനോട് ചേർന്ന് ചെറിയ ഓഫീസ് നിർമിച്ചും പൂന്തോട്ടം നിർമിച്ചും ഒക്കെ ആനന്ദം കണ്ടെത്തിയവരുണ്ട്. വീടിനുള്ളിൽ ബാർ വരെ ഒരുക്കി വ്യത്യസ്തരായവരുമുണ്ട്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരാളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്.

ബില്ലി ജോ വെൽസ്ബി എന്ന് ബ്യൂട്ടീഷൻ സ്വന്തം അടുക്കളയെയാണ് ഇത്തരത്തിൽ മാറ്റി മറിച്ചത്. പഴയതും നിറം മങ്ങിയതുമായിരുന്ന അടുക്കളയെ ബില്ലി മേക്കോവർ നടത്തി അതിസുന്ദരമാക്കി മാറ്റി. ഈ മാറ്റം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് ഇപ്പോൾ.
അടുക്കളയിലെ അഴുക്കു പുരണ്ട ചുമരിലായിരുന്നു ബില്ലി തന്റെ പരീക്ഷണം ആരംഭിച്ചത്. ഇതിനായി 75 പൗണ്ട് വിലവരുന്ന ചെമ്പുനാണയങ്ങൾ വാങ്ങി. ഈ നാണയങ്ങൾ മനോഹരമായി ചുമരിൽ പതിപ്പിക്കുകയാണ് ബില്ലി ആദ്യം ചെയ്തത്.
വ്യത്യസ്ത ശൈലികളിലും രൂപങ്ങളിലുമാണ് ചെമ്പുനാണയങ്ങൾ പതിപ്പിച്ചത്. സൂര്യന്റെ ആകൃതിയും മറ്റും വളരെ മനോഹരമായാണ് ബില്ലി ഡിസൈൻ ചെയ്തിരിക്കുന്നത്. കരി പിടിച്ച് ഇരുണ്ടിരുന്ന അടുക്കളയിപ്പോൾ മനോഹരമായിരിക്കുകയാണ്.

ഒറ്റയ്ക്കാണ് ഇത് മുഴുവൻ ചെയ്തു തീർത്തത്. 7500 നാണയങ്ങളാണ് അലങ്കാരത്തിനായി ആവശ്യം വന്നത്. എന്തായാലും വളരെ പുതുമയുള്ള അടുക്കളയാക്കി മാറ്റിയതിന്റെ സന്തോഷത്തിലാണ് ബില്ലി ഇപ്പോൾ.
നവീകരണത്തിനുശേഷം അടുക്കളച്ചുമരിന്റെ ചിത്രങ്ങൾ ബില്ലി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഒരു മാസത്തോളം സമയമെടുത്താണ് താൻ ഈ നവീകരണം പൂർത്തിയാക്കിയതെന്നും ബില്ലി ഫെയ്സ് ബുക്കിൽ കുറിച്ചു.