പാഴ് വസ്തുക്കൾ വലിച്ചെറിയാതെ പുന:രുപയോഗിക്കുന്നത് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം നമ്മുടെ വീടിന്റെ അകത്തളങ്ങളെ ഭംഗിയാക്കാനും ഉപയോഗിച്ചാലോ? വീട്ടിൽ ഉപയോഗ്യശൂന്യമായെന്നു കരുതി ഉപേക്ഷിക്കാൻ തീരുമാനിച്ച പല വസ്തുക്കളെയും അലങ്കാര വസ്തുക്കളാക്കാം.

പ്ലാസ്റ്റിക്ക് ബോട്ടിലുകൾ കൊണ്ട് കിച്ചൺ ഗാർഡൻ തന്നെ ഉണ്ടാക്കാനാവും. കുപ്പികൾ പകുതി മുറിച്ച ശേഷം മണ്ണും വളവും നിറയ്ക്കാം. അടുക്കളയിലേക്ക് ആവശ്യമുള്ള പുതിന, മല്ലി പോലുള്ളവയെല്ലാം ഇതിൽ വളർത്താം. ഇവ അടുക്കളയുടെ ജനാലയിലോ കിച്ചൺ കൗണ്ടറിലോ എല്ലാം ഒതുക്കി വയ്ക്കാനും പറ്റും.
ഒഴിഞ്ഞ ജാം കുപ്പികൾ, അച്ചാറു കുപ്പികൾ ഇങ്ങനെ ധാരാളം ജാറുകൾ ഉപയോഗിച്ചു കഴിഞ്ഞു കളയാറുണ്ട്. പകരം ഇവയിൽ ചെറിയ കള്ളിമുൾ ചെടികൾ വളർത്താവുന്നതാണ്. ജാർ പെയിന്റ് ചെയ്തെടുത്താൽ ടേബിൾ പ്ലാന്റുകൾ വയ്ക്കാനാവും.
നല്ല വൃത്തിയാക്കിയെടുത്ത ജാറിന് ഉള്ളിൽ അലങ്കാര ബൾബുകൾ വയ്ക്കാം. കിടപ്പു മുറിയ്ക്കും ബാൽക്കണിക്കുമൊക്കെ ഇത് പ്രത്യേക മൂഡ് നൽകും. ആകർഷകമായ നിറങ്ങൾ നൽകി ഇവ പെൻസിൽ ഹോൾഡറുകളുമാക്കാം.

മനോഹരമായി കല്ലുകളും ചെറിയ പായൽ ചെടികളും ഒരുക്കി ടേബിളിൽ വയ്ക്കാൻ ടെറാറിയം ഒരുക്കാനും ഒഴിഞ്ഞ ജാറുകൾ നല്ലതാണ്. അഞ്ചോ ആറോ ജാറുകൾ ഉണ്ടെങ്കിൽ അവയ്ക്കുള്ളിൽ വാം ലൈറ്റുകൾ പിടിപ്പിച്ച് വീടിന് മുന്നിലും മറ്റും തൂക്കിയിട്ടാൽ മനോഹരമാകും.
വാർഡ്രോബിൽ നിന്ന് ഒഴിവാക്കിയ പഴയ ഹാങ്ങറുകൾ വാൾ ഹാങ്ങിങ്ങുകൾ ആയി ഉപയോഗിക്കാം. പല നിറത്തിലുള്ളവയാണെങ്കിൽ ഹാങ്ങിങ് വസ്തുക്കൾ ഈ ഹാങ്ങറിൽ ഭംഗിയായി തൂക്കിയിടാം.
ഉണങ്ങിയ മരത്തിന്റെ കൊമ്പുകളോ ഉണ്ടെങ്കിൽ അവയെ മനോഹരമായ അലങ്കാര വസ്തുവാക്കാൻ മാർഗമുണ്ട്. ശാഖകളുള്ള ഉണക്കക്കൊമ്പിന് കറുപ്പോ വെളുപ്പോ, അല്ലെങ്കിൽ പേസ്റ്റൽ നിറങ്ങളോ നൽകാം. പെയിന്റ് നന്നായി ഉണങ്ങിയൽ ഡെക്കറേറ്റിങ്ങ് ലൈറ്റുകൾ തൂക്കി മനോഹരമാക്കാം. വീടിന്റെ ഹാളിലോ പഠനമുറിയിലോ ഒക്കെ വയ്ക്കാം. ഇത്തരം അലങ്കാരങ്ങൾ വീടിനെ വേറിട്ടതാക്കും.