അത്ഭുത കാഴ്ചകൾ ഒരുക്കിയാണ് ദുബായ് എക്സ്പോ എത്തുന്നത്. വലുപ്പം കൊണ്ടും നിർമ്മാണ വൈഭവം കൊണ്ടും അത്ഭുതക്കാഴ്ചയി മാറുകയാണ് എക്സ്പോയിലെ യുഎഇ പവലിയൻ.

പറക്കാൻ തയ്യാറായ പരുന്തിന്റെ രൂപത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 15,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട് ഈ നിർമ്മാണത്തിന്. 200 പേർക്കുള്ള ഓഡിറ്റോറിയവും സജ്ജമാണ്. സ്പെയിൻ സ്വദേശി സാന്റിയാഗോ കലത്രാവയാണ് ഇതിന്റെ വാസ്തുശില്പി.
യുഎഇയുടെ ഏഴ് എമിറേറ്റുകളിൽ നിന്ന് കൊണ്ട് വന്ന മണൽ ഉപയോഗിച്ച് മരുഭൂമിയും ഭൂഗർഭ നിലയിൽ പുനർ നിർമിച്ചിട്ടുണ്ട്. കാർബൺ ഫൈബർ ഉപയോഗിച്ചാണ് പരുന്തിന്റെ ചിറകുകൾ നിർമ്മിച്ചിരിക്കുന്നത്. ഇവ മൂന്ന് മിനുട്ടുകൾ കൊണ്ട് പൂർണ്ണമായും വിടരും. ചിറകുകളിൽ സോളാർ പാനലുകളുമുണ്ട്.
ആതിഥ്യം, സാംസ്കാരിക പ്രദർശനങ്ങൾ, എമിറാത്തി നേട്ടങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള വിഭാഗങ്ങളും ഉൾപ്പെടുന്നു. സംസ്കാരത്തിലും ചരിത്രത്തിലും നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യുഎഇയെ കെട്ടിപ്പടുത്തവര്‍ക്ക് ആദരവറിയിച്ചു കൊണ്ടാണ് പവലിയന് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

191 രാജ്യങ്ങളാണ് ദുബായ് എക്സ്പോയില്‍ പങ്കെടുക്കുന്നത്. മാര്‍ച്ച് 31 വരെ ആറു മാസത്തേക്കാണ് എക്സ്പോ നടക്കുക. 25 ദശലക്ഷം സന്ദര്‍ശകരെയാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇക്കാലയളവില്‍ പ്രതീക്ഷിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് 2020 ല്‍ നടക്കേണ്ടിയിരിക്കുന്ന എക്സ്പോ ഈ വര്‍ഷം ഒക്ടോബറിലേക്ക് മാറ്റിവെച്ചത്.