ലണ്ടനിലെ ചരിത്രമുറങ്ങുന്ന വീട് വിൽപ്പനയ്ക്ക്. മഹാകവി കവി രബീന്ദ്രനാഥ് ടാഗോർ താമസിച്ചിരുന്ന വീടാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. വടക്കൻ ലണ്ടനിലെ വെയ്ൽ ഓഫ് ഹാംപ്സ്റ്റെഡിൽ സ്ഥിതി ചെയ്യുന്ന വീട് ഏകദേശം 27 കോടി രൂപയ്ക്കാണ് വിൽക്കുന്നതെന്നാണ് റിപ്പോർട്ട്.
ടാഗോർ താമസിച്ചിരുന്ന ലണ്ടനിലെ വീട് വാങ്ങുന്നതിനു തന്റെ സർക്കാരിനു അതിയായ താത്പര്യമുണ്ടെന്ന് 2015-ലെ ലണ്ടൻ സന്ദർശനത്തിനിടെ മമത അറിയിച്ചിരുന്നു. 2015ലും 2017ലും ലണ്ടൻ സന്ദർശനത്തിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഈ വീട് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ടാഗോർ താമസിച്ചിരുന്ന ലണ്ടനിലെ വീട് വാങ്ങുന്നതിനു തന്റെ സർക്കാരിനു അതിയായ താത്പര്യമുണ്ടെന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ രഞ്ജൻ മത്തായിയെ അറിയിച്ചിരുന്നു.

ടാഗോർ ബംഗാളിന്റെ അഭിമാനമാണെന്നും വീട് സ്വകാര്യ സ്വത്തിൽപ്പെട്ടതായതിനാൽ കരാറുണ്ടാക്കാനുള്ള സാധ്യതയെപ്പറ്റിയും അന്ന് ആരാഞ്ഞിരുന്നു. എന്നാൽ അന്ന് വീട് വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ വീട് വില്പനയ്ക്ക് വച്ചിരുന്ന സാഹചര്യത്തിൽ മമത തന്റെ മുൻ ആവശ്യം ആവർത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഇന്ത്യയുമായി ബന്ധമുള്ള ലണ്ടനിലെ വസ്തുവകകളോട് മമത എപ്പോഴും താത്പര്യം പ്രകടിപ്പിക്കാറുണ്ട്. 2017-ലെ ലണ്ടൻ സന്ദർശനത്തിനിടെ സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന സിസ്റ്റർ നിവേദിത താമസിച്ചിരുന്ന വീട്ടിൽ ബ്ലൂ പ്ലേഗ് അവർ സ്ഥാപിച്ചിരുന്നു. തെക്കു പടിഞ്ഞാറൻ ലണ്ടനിലെ വിംബിൾഡണ്ണിലുള്ള 21 ഹൈ സ്ട്രീറ്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

പ്രശസ്തരായ ആളുകൾ താമസിച്ചിരുന്ന കെട്ടിടങ്ങൾക്കുമുന്നിൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ പറയുന്ന ഫലകമാണ് ബ്ലൂ പ്ലേഗ്.
വീട് വാങ്ങാനുള്ള ആശയം മികച്ചതാണെന്നും കേന്ദ്രസർക്കാരിലൂടെയോ പശ്ചിമ ബംഗാൾ സർക്കാരിന്റെ സഹായത്തോടെയോ വീട് വാങ്ങുന്നതാണ് ഏറ്റവും സ്വീകാര്യമായ നടപടിയെന്ന് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് വ്യവസായി സ്വരാജ് പോൾ പറഞ്ഞു.