വീടിന് ഹൃദയമോ എന്ന സംശയത്തിലായിരിക്കും അല്ലേ? ഉണ്ട്. വീടിന്റെ ഹൃദയമാണ് അടുക്കള. ആരോഗ്യത്തിന്റെ ഉറവിടം.
ഹൃദയം നന്നായി വർക്ക് ചെയ്തില്ലെങ്കിൽ നമ്മൾ ബുദ്ധിമുട്ടും. അടുക്കളയിൽ പണി കൃത്യമായി നടന്നില്ലെങ്കിലും അതുപോലെ തന്നെയാണ്. ജീവിതത്തിന്റെ താളം തന്നെ തെറ്റും. പറഞ്ഞു വരുന്നത് വീട് നിർമ്മിക്കുമ്പോൾ അടുക്കളയ്ക്ക് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചാണ്.
കുറച്ച് നിറങ്ങളും മെറ്റീരിയലുകളും തിരഞ്ഞെടുക്കുന്നതിനേക്കാൾ കൂടുതൽ പ്ലാനിങ് അടുക്കള നിർമാണത്തിൽ ആവശ്യമാണ്. ജോലി ചെയ്യുന്ന വ്യക്തിക്ക് സുഖകരമാകുന്ന തരത്തിൽ വേണം അടുക്കള രൂപകൽപ്പന ചെയ്യാൻ. മനോഹരമായി അടുക്കള ഡിസൈൻ ചെയ്യാൻ വലിയ ചിലവ് വേണമെന്നില്ല. പരിഗണിക്കേണ്ട പ്രധാന ഘടകങ്ങൾ അറിഞ്ഞിരുന്നാൽ മതി.

വൃത്തിയാക്കാൻ എളുപ്പമുള്ള ഫ്ലോറിംഗ്
അടുക്കള വൃത്തിയായിരിക്കുന്നതിൽ ഫ്ലോറിംഗ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഫ്ലോറിംഗ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ക്വാളിറ്റി, കാലാവധി, വൃത്തിയാക്കാനുള്ള എളുപ്പം എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടി പരിഗണിക്കുക. ഉദാഹരണത്തിന്, സെറാമിക് ടൈലുകൾ മോടിയുള്ളതും വൃത്തിയാക്കാൻ എളുപ്പവുമാണ്. എന്നാൽ മരം കൊണ്ടുള്ള ഫ്ലോറിങ് ഊഷ്മളവും നാച്യുറലും ആണെങ്കിലും കൂടുതൽ പരിപാലനവും പരിചരണവും ആവശ്യമാണ്.
കിച്ചൻ കാബിനറ്റുകൾ
അടുക്കളയ്ക്ക് പുതുമ മാത്രം പോര. ഭക്ഷണം, കുക്ക്വെയർ, ചെറിയ ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കാൻ സ്ഥലവും വേണം. ഇവയ്ക്കെല്ലാം യോജിക്കുന്ന രീതിയിൽ ക്യാബിനറ്റുകൾ ഡിസൈൻ ചെയ്യണം. സുഖമായി പ്രവർത്തിക്കാൻ ആവശ്യമായ ഇടവും ഉൾപ്പെടുത്തണം. കൗണ്ടർടോപ്പുകളുടെ ദൈർഘ്യം കൂടുന്നത് വഴി ഇത് നടപ്പിൽ വരുത്താം.
സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാം
ബോറടിക്കാതെ ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കുന്നതും പ്രധാനമാണ്. ശോഭയുള്ള നിറങ്ങളുള്ള രസകരമായ അടുക്കളകൾ ഇപ്പോൾ ട്രെൻഡിങ് ആണ്. ഭക്ഷണവുമായി ബന്ധപ്പെട്ടതും ആകർഷകമായ ചുറ്റുപാടുകൾ വാഗ്ദാനം ചെയ്യുന്നതുമായ ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നിവ പോലുള്ള നിറങ്ങൾ ഉപയോഗിക്കുന്നത് പുതുമ നൽകും.
ഇനി ശാന്തമായ അന്തരീക്ഷമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ പച്ച, നീല, വയലറ്റ് പോലുള്ള നിറങ്ങൾ ഉപയോഗിക്കുക. നിറങ്ങളിലെ ചെറിയ മാറ്റങ്ങൾ പോലും നിങ്ങളുടെ അടുക്കളയെ പുതുമ നിറഞ്ഞതാക്കി മാറ്റും.
ചെറിയ ഇടം വലുതായി കാണിക്കാനും നിറങ്ങൾ
വെളുപ്പ് നിറം ഒരു ചെറിയ ഇടം വലുതായി കാണിക്കും. ചെറിയ അടുക്കളയാണെങ്കിൽ വെളുത്ത പെയിന്റ് ചെയ്യാൻ ശ്രമിക്കുക. ഫർണിച്ചറുകൾക്കും ക്യാബിനറ്റുകൾക്കുമായി ഇളം നിറങ്ങൾ ഉപയോഗിക്കുക. ഇരുണ്ട നിറങ്ങൾ ഇടങ്ങളെ കൂടുതൽ ചെറുതാക്കി കാണിക്കും.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ എത്ര ജോലി ചെയ്താലും തീരാത്ത അടുക്കളയെന്നും എത്ര വൃത്തിയാക്കിയാലും വൃത്തിയാകില്ലെന്നുമൊക്കെയുള്ള പരാതികളെ നമുക്ക് ജീവിതത്തിൽ നിന്നും ഒഴിവാക്കാം.
Good ideas