നിങ്ങൾ ഒരു വീട് നിർമ്മിക്കാൻ പോവുകയാണെങ്കിൽ, അഥവാ വീട്ടുടമയാണെങ്കിൽ തീർച്ചയായും ഹോം ഇൻഷുറൻസിനെ പറ്റി അറിഞ്ഞിരിക്കണം. ആരോഗ്യ ഇൻഷുറൻസ്, വാഹന ഇൻഷുറൻസ് എന്നിവ പോലെ തന്നെ പ്രധാനമാണ് ഹോം ഇൻഷുറൻസും.
പ്രകൃതിദുരന്തങ്ങൾ, മോഷണം തുടങ്ങിയവ മൂലം വീടിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് മൂലം ധാരാളം പണം ചിലവാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് ഹോം ഇൻഷുറൻസ് സഹായിയാകുന്നത്. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ശരിയായ ഇൻഷുറൻസ് കണ്ടെത്തേണ്ടത് പ്രധാനമാണ്. മികച്ച ഹോം ഇൻഷുറൻസ് കമ്പനികളെയും പോളിസികളെയും കുറിച്ച് അറിഞ്ഞാൽ മാത്രമേ അനുയോജ്യമായത് കണ്ടെത്താനാകൂ.
ഹോം ഇൻഷുറൻസിൽ ഒരു വർഷത്തേക്കുള്ള പോളിസികളും ദീർഘകാല പോളിസികളുമുണ്ട്. നിങ്ങൾക്ക് ഒരു വർഷത്തേക്ക് മാത്രമാണോ, അതിലും കൂടുതൽ കാലത്തേക്കുള്ള പോളിസിയാണോ വേണ്ടതെന്ന് തീരുമാനിച്ചു വേണം ഇൻഷുറൻസ് എടുക്കാൻ.

മനുഷ്യ നിർമ്മിത കാരണങ്ങളാലും പ്രകൃതിദുരന്തങ്ങളാലും കെട്ടിടത്തിന് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് പുറമേ വീടിനുള്ളിലെ വസ്തുക്കൾക്ക് സംഭവിച്ച കേടുപാടുകൾ കൂടി പരിഹരിക്കുന്നവയാണ് മികച്ച ഹോം ഇൻഷുറൻസ് പോളിസികൾ. ഇത്തരം പോളിസികൾ തിരഞ്ഞെടുത്താൽ കെട്ടിടത്തിനൊപ്പം ഇലക്ട്രിക്കൽ ഉപകരണങ്ങൾ, എയർ കണ്ടീഷനർ, പ്ലംബിങ്, ഫർണിച്ചറുകൾ തുടങ്ങിയവയ്ക്കും സംരക്ഷണം ലഭിക്കും. അതുപോലെ തന്നെ വീടിന് ചുറ്റുമുള്ള മതിൽ, വീടിനോട് ചേർന്നുള്ള ഷെഡ്, പൂൾ തുടങ്ങിയവയ്ക്കും സംരക്ഷണം ലഭിച്ചേക്കും.
ഇവയെല്ലാം ഉൾപ്പെട്ട മികച്ച ഹോം ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നത് വീടിന്റെ സംരക്ഷണത്തെപ്പറ്റി പേടികൂടാതെ, ടെൻഷൻ ഫ്രീ ആയി ജീവിക്കുന്നതിന് ഏറെ സഹായകമാകും.