ഗൃഹ നിർമ്മാണത്തിനൊരുങ്ങുന്നവർക്ക് ഏറെ ഗുണകരമായ ഒരു വാർത്തയാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഭവനവായ്പയ്ക്ക് കൂടുതൽ ആദായനികുതിയിളവ് ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് പുതിയ വിവരം. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവേകാനാണ് പുതിയ തീരുമാനം.
ഭവന വായ്പയ്ക്കുള്ള 80സി വകുപ്പ് പ്രകാരം വിവിധ നിക്ഷേപ പദ്ധതികൾ ഉൾപ്പടെയുള്ളവയ്ക്കാണ് 1.5 ലക്ഷം രൂപയുടെ നികുതിയിളവുള്ളത്. പിപിഎഫ്, അഞ്ചുവർഷത്തെ സ്ഥിര നിക്ഷേപം, സുകന്യ സമൃദ്ധി, കുട്ടികളുടെ ട്യൂഷൻ ഫീസ് തുടങ്ങിയവയ്ക്കും ഈ വകുപ്പ് പ്രകാരം നികുതിയിളവ് ലഭിക്കും.

നിലവിൽ 80സി പ്രകാരം ഭവനവായ്പയുടെ മുതലിലേയ്ക്ക് 1.5 ലക്ഷം രൂപ വരെയുള്ള തിരിച്ചടിവിന് നിലവിൽ നികുതിയിളവുണ്ട്. ഈ പരിധി രണ്ടുലക്ഷമാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വകുപ്പ് 24 പ്രകാരം ഭവനവായ്പയുടെ പലിശയ്ക്ക് നിലവിൽ രണ്ടുലക്ഷം രൂപയുടെ ആനുകൂല്യവുമുണ്ട്.
കിഴിവുകൾ ഒഴിവാക്കി സ്ലാബ് ഉയർത്തി കുറഞ്ഞ നികുതിയിൽ പുതിയ സമ്പ്രദായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൂടുതൽപേരും പഴയതിൽതന്നെ തുടരാനാണ് താൽപര്യപ്പെടുന്നത്. ഇതുകൂടി കണക്കിലെടുത്ത് പുതിയ സമ്പ്രദായത്തിലേയ്ക്ക് നികുതിദായകരെ ആകർഷിക്കാനുള്ള പ്രഖ്യാനവും ബജറ്റിൽ ഉണ്ടാകുമെന്നറിയുന്നു.
നികുതി ഇളവുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നതിനാൽ വരുമാനംകുറഞ്ഞവർ കൂടുതൽപേരും പഴയ നികുതി സമ്പ്രദായമാണ് സ്വീകരിച്ചത്.
15 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് നികുതി നിരക്ക് 30 ശതമാനമായതിനാൽ ഈവിഭാഗത്തിൽ കൂടുതൽ കിഴിവ് പ്രയോജനപ്പെടുത്താനുള്ളവരും പുതിയ സമ്പ്രദായത്തിലേയ്ക്ക് മാറിയില്ല. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.