
ഇനി ട്രെയിനുകൾ പുത്തൻ രൂപത്തിൽ തീൻമേശകളുമാകും. കാലപ്പഴക്കം ചെന്ന പഴയ കോച്ചുകൾ, കഫേ കോച്ചുകൾ എന്ന പേരിൽ ഭക്ഷണ ശാലകളാക്കി മാറ്റുകയാണ് റെയിൽവേ. ടിക്കറ്റിതര വരുമാനം ഉറപ്പാക്കാനാണ് റയിൽവേ അതോറിറ്റിയുടെ പുതിയ നീക്കം.
ഓടാതെ കിടക്കുന്ന പഴയ ട്രെയിൻ കോച്ചുകളെയാണ് മുഖം മിനുക്കി ഭക്ഷണശാലകളാക്കാൻ ഒരുങ്ങുന്നത്. മറ്റു സംസ്ഥാനങ്ങളിൽ മുൻപ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇതാദ്യമാണ്. മൈസൂരിലെ റെയിൽവേ മ്യൂസിയത്തിലുള്ള കഫെയുടെ മാതൃകയാണ് കേരളത്തിലും പരിഗണിക്കുന്നത്.

തിരുവനന്തപുരം ഡിവിഷനിങ്ങിൽ എറണാകുളത്താണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനം. പഴയ ട്രെയിനുകൾ വെറുതെ നശിച്ചു പോകാതെ നോക്കുക എന്നത് കൂടിയാണ് പദ്ധതിക്ക് പിന്നിലുള്ള റെയിൽവേയുടെ ലക്ഷ്യം. ഉപയോഗിച്ച് പഴകിയ കോച്ചുകൾ സാധാരണ കഫറ്റീരിയകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് രൂപം മാറ്റുന്നത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് കേരളത്തിലെ ആദ്യത്തെ കോച്ച് കഫേ നടപ്പിലാക്കുക. ഉപയോഗിച്ച് പഴകിയ കോച്ചുകൾ ജീവനക്കാരുടെ വിശ്രമകേന്ദ്രങ്ങളായി നിലവിൽ പലയിടത്തും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

കാലപ്പഴക്കം ചെന്ന കോച്ചുകൾ മട്ടാഞ്ചേരിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവയാകും ഭക്ഷണശാലകളാക്കി മാറ്റുക. സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയാകും പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ മറ്റുസാധ്യതകൾ അന്വേഷിച്ചു വരികയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
This is an innovative idea. It will be more convenient for the passengers to take food.