കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് മില്‍മ ഫുഡ് ട്രക്ക് പദ്ധതി പാലക്കാടും ആരംഭിച്ചിരിക്കുകയാണ്. പഴയ കെഎസ്ആര്‍ടിസി ബസ്സുകള്‍ നവീകരിച്ചാണ് ഫുഡ്ട്രക്ക് ഒരുക്കിയിരിക്കുന്നത്.
കെഎസ്ആര്‍ടിസിയുടെയും മില്‍മയുടെയും വരുമാനം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചായയും ഐസ്ക്രീമും ലഘുകടികളും ഇരുന്ന് കഴിക്കാനുള്ള സൗകര്യം, സൂപ്പര്മാര്ക്കറ്റുകളിലേത് പോലെ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.

കെഎസ്ആര്‍ടിസിയിലെ ഉപയോഗശൂന്യമായ ബസ്സാണ് ഇങ്ങനെ മനോഹരമായ ഫുഡ്ട്രാക്കാക്കി മാറ്റിയിരിക്കുന്നത്. മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ഫുഡ് ട്രക്കില്‍ ലഭിക്കും. സ്പീക്കര്‍ എംബി രാജേഷാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ഉപയോഗശൂന്യമായ ബസ്സ് വില്പന നടത്തുമ്പോള്‍ സാധാരണ കെഎസ്ആര്‍ടിസിക്ക് പരമാവധി ഒന്നരലക്ഷം രൂപ വരെയാണ് ലഭിച്ചിരുന്നത്. ഫുഡ് ട്രക്കായി മാറുമ്പോള്‍ പ്രതിമാസം കെഎസ്ആര്‍ടിസിക്ക് 20000 രൂപ മില്‍മ വാടക നല്‍കും. അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് ബസ്സ് നവീകരിച്ചത്.
കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ മില്‍മ ഉത്പന്നങ്ങള്‍ വില്പന നടത്താന്‍ കഴിയുന്നതിലൂടെ മില്‍മയ്ക്കും നേട്ടമാവും. സംസ്ഥാനത്തെ അഞ്ചാമത്തെ ഫുഡ് ട്രക്കാണ് പാലക്കാട് തുറന്നത്.

ഇതോടൊപ്പം തന്നെ കെ.എസ്.ആർ.ടി.സി. സർവീസ് കൂടുതൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കു താമസസൗകര്യം നൽകുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിൽ മൂന്നാറിൽമാത്രമാണ് കെ.എസ്.ആർ.ടി.സി.യുെട ബസിൽ യാത്രക്കാർക്ക് അന്തിയുറക്കത്തിനു സൗകര്യമുള്ളത്. ഇതു മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണു തീരുമാനം.

ഇതിനായി പഴക്കംചെന്ന ബസുകൾ നവീകരിച്ച് ഉപയോഗിക്കും. ഇവയിൽ ആയിരത്തിലധികം കിടക്കകൾ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലായി ഒരുക്കും. 100 രൂപയ്ക്ക് ഒരുരാത്രി താമസമാണു ലക്ഷ്യമിടുന്നത്. അടുത്തഘട്ടത്തിൽ ഭക്ഷണം നൽകുന്നതും പരിഗണനയിലാണ്.

ഏകദിന ഉല്ലാസയാത്രകളാണ് കെ.എസ്.ആർ.ടി.സി. നടത്തുന്നത്. മൂന്നാറും മലക്കപ്പാറയും കേന്ദ്രീകരിച്ചാണ് ഈ യാത്രകൾ. മറ്റുകേന്ദ്രങ്ങളിൽ ഉറങ്ങാനുള്ള സൗകര്യംകൂടി നൽകി ഇതു വിപുലമാക്കാനാണു ശ്രമം. കെ.എസ്.ആർ.ടി.സി.യിൽ രൂപവത്കരിച്ച ബജറ്റ് ടൂറിസം സെല്ലാണു പദ്ധതി നടപ്പാക്കുന്നത്. ബസിൽ സഞ്ചരിച്ചു കായലും കടലും കാണാനുള്ള ട്രിപ്പുകളും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും അഭിപ്രായം തേടുകയാണ് ടൂറിസം സെൽ. അതിനുശേഷം പാക്കേജും സ്ഥലങ്ങളും പ്രഖ്യാപിക്കും.

പുരവഞ്ചിയും തീവണ്ടിയും വിമാനത്താവളങ്ങളും കോർത്തിണക്കിയുള്ള ടൂർ പാക്കേജും ആലോചനയിലാണ്. ഗവി, വാഗമൺ, തേക്കടി എന്നിവയെ ബന്ധിപ്പിച്ചുള്ള യാത്രയായിരിക്കും ഇതിൽ പ്രധാനം. പെൻമുടിയും വയനാടും കേന്ദ്രീകരിച്ചും പ്രത്യേക പാക്കേജ് തയ്യാറാക്കും. ആലപ്പുഴയിൽ കുട്ടനാട് കേന്ദ്രീകരിച്ചായിരിക്കും വിനോദസഞ്ചാരയാത്രയൊരുക്കുക.