മഴ മനുഷ്യന് ആനന്ദം നൽകുന്ന ഒന്നാണ്. എന്നാൽ വീടുകൾക്ക് മഴക്കാലം അത്ര സുഖകരമായ അനുഭവമല്ല നൽകുന്നത്. കനത്ത മഴ നിങ്ങളുടെ വീടിന് കനത്ത നാശമുണ്ടാക്കിയേക്കാം. മേൽക്കൂരയും മതിലിനെയും ആണ് മഴ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കൂടാതെ നിങ്ങളുടെ ഫർണിച്ചറുകൾക്കും ആക്സസറികൾക്കും പ്രശ്നങ്ങളുണ്ടാക്കും. ഈ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം.

ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഭിത്തികൾക്കും മേൽക്കൂരയ്ക്കും മതിലുകൾക്കും വരുന്ന വിള്ളലുകളെയാണ്. വിള്ളലുകളും ദ്വാരങ്ങളുമുള്ള മതിലുകളിലും മേൽക്കൂരകളിലും ചിതലും ഫംഗസും വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. വിള്ളലുകൾ ശ്രദ്ധയിൽപെട്ടാൽ എത്രയും വേഗം അവ പരിശോധിക്കുകയും നന്നാക്കുകയും വേണം.
ഇലക്ട്രിക്കൽ കണക്ഷനുകൾ എല്ലാം ശരിയായ രീതിയിൽ തന്നെയാണോ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കുക. വീടിനകത്തുള്ളവ മാത്രമല്ല പുറത്തെ ഇലക്ട്രോണിക് സ്വിച്ചുകളും പരിശോധിക്കുക. ഇലക്ട്രിക് ഷോക്ക് അല്ലെങ്കിൽ ഷോർട്ട് സർക്യൂട്ട് സാധ്യത ഒഴിവാക്കാൻ പുറം ഭാഗത്തുള്ള കണക്ഷനുകളും സ്വിച്ചുകളും കവർ ചെയ്യാവുന്നതാണ്. എന്തെങ്കിലും പ്രശ്നം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഇലക്ട്രീഷ്യനെ വിളിക്കുന്നതാണ് ഉചിതം.
ഉയർന്ന നിലവാരമുള്ള പെയിന്റ് ഉപയോഗിച്ചാൽ മെറ്റൽ ഫ്രെയിം ചെയ്ത വാതിലുകളിലൂടെയും ജനാലകളിലൂടെയും മഴവെള്ളം ഒഴുകി തുരുമ്പെടുക്കാതിരിക്കാതെ സൂക്ഷിക്കാം.
ഫർണിച്ചർ, മരം കൊണ്ടുള്ള വാതിലുകൾ, ജനാലകൾ, അലമാരകൾ, ഡ്രോയറുകൾ തുടങ്ങിയവയ്ക്ക് ചിതൽ, ഫംഗസ്, മറ്റ് ചെറുപ്രാണികൾ എന്നിവ മൂലം കേടുപാടുകൾ സംഭവിക്കാം. വസ്ത്രങ്ങളും മറ്റ് വിലയേറിയ വസ്തുക്കൾക്കും ഇത് ബാധകമാണ്. ഇവയെ സംരക്ഷിക്കാൻ കർപ്പൂരം, വേപ്പില, ഗ്രാമ്പൂ എന്നിവ ഉപയോഗിക്കാവുന്നതാണ്. തടികൊണ്ടുള്ള വാതിലുകൾ, ജനാലകൾ, ഫർണിച്ചറുകൾ എന്നിവ ഈർപ്പം മൂലം ചീർക്കുന്നത് തടയാൻ മെഴുക് ഉപയോഗിക്കാവുന്നതാണ്.
മഴക്കാലം മുഴുവൻ വീട് വൃത്തിയായി സൂക്ഷിക്കുന്നത് ഉറപ്പാക്കുക. കൃത്യമായ ഇടവേളകളിൽ ഡ്രെയിനേജുകൾ വൃത്തിയാക്കുക. വീടിനു ചുറ്റും വെള്ളം അടിഞ്ഞുകൂടുന്നത് ഒഴിവാക്കുന്നത് കൊതുകുശല്യം കുറയ്ക്കും. കൂടാതെ ഇൻഡോർ സസ്യങ്ങൾ മഴക്കാലത്ത് വീടിനുള്ളിൽ നനവ് വർദ്ധിപ്പിക്കും. ഇവ വീടിന് പുറത്തു സൂക്ഷിക്കുന്നതാണ് നല്ലത്.