ആദ്യമായി വീട് വാങ്ങാൻ പോകുന്ന ആളുകളെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്. യുക്തിസഹമായി ഇക്കാര്യത്തെ സമീപിച്ചില്ലെങ്കിൽ ദൂരവ്യാപകമായ അനേകം പ്രത്യാഘാതങ്ങൾ ഉണ്ടായേക്കും. വീട് വാങ്ങുമ്പോൾ മിക്ക ആളുകളും ചെയ്യുന്ന ചില അബദ്ധങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്നും എങ്ങനെ പരിഹരിക്കാമെന്നും നോക്കാം.

താങ്ങാനാവാത്ത വിലയുള്ള വീട് വാങ്ങാൻ തയ്യാറാകുന്നതാണ് ഒന്നാമത്തെ തെറ്റ്. ചിലവഴിക്കാൻ ഉദ്ദേശിച്ചതിലും കൂടുതൽ തുക ചെലവാകും എന്ന് അറിഞ്ഞു കൊണ്ട് വീട് വാങ്ങുന്നവർ ഒരുപാടുണ്ട്. വിട്ടുകളയാൻ തോന്നാത്തത്ര ഇഷ്ടം കൊണ്ടോ, കൂടുതൽ സൗകര്യങ്ങൾ ഉള്ളതുകൊണ്ടോ ഒക്കെ ആയിരിക്കും ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നത്. എന്നാൽ ഇങ്ങനെ തീരുമാനിക്കുന്നതിനു മുൻപ് ആലോചിക്കുക, പിന്നീട് കടം കൊണ്ട് പൊറുതിമുട്ടുന്ന അതിലും എത്രയോ നല്ലതാണ് താങ്ങാവുന്ന ബജറ്റിൽ വീട് വാങ്ങി അതിൽ സ്വസ്ഥമായി താമസിക്കുന്നത്!
അതുപോലെതന്നെ വീട് നല്ലതാണെന്ന് കണ്ടയുടനെ എടുത്തുചാടി തീരുമാനമെടുക്കുന്നത് മണ്ടത്തരമാണ്. കുറഞ്ഞ ബജറ്റിൽ നല്ല വീട് കണ്ടെത്തി എന്നിരിക്കട്ടെ, ഉടനെ തന്നെ അത് വാങ്ങാൻ തീരുമാനിച്ചു കളയരുത്. എന്തുകൊണ്ടാണ് ചെറിയ വിലയിൽ ഇത്രയും നല്ല വീട് ലഭിക്കുന്നത് എന്നതിന്റെ കാരണങ്ങൾ കൂടി അന്വേഷിച്ചിട്ടാവാം തീരുമാനം.
നിങ്ങൾക്ക് റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ മുൻപരിചയം ഇല്ലെങ്കിൽ ഒരു ഏജന്റിനെ സമീപിക്കുന്നതാണ് നല്ലത്. പരിചയസമ്പന്നനായ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിന് നിങ്ങളുടെ ബജറ്റിനൊത്ത ഒരു വീട് എളുപ്പത്തിൽ കണ്ടെത്തിത്തരാൻ സാധിക്കും. നിങ്ങളുടെ ജോലി കുറയുമെന്നു മാത്രമല്ല കൂടുതൽ ഓപ്ഷനുകൾ ലഭിക്കുകയും ചെയ്യും.
വീടു വാങ്ങിയതിനു ശേഷമുള്ള ചിലവുകളെ പറ്റിയും ആദ്യം തന്നെ ചിന്തിക്കണം. വീട് വാങ്ങിയ ശേഷം വീണ്ടും മുഴുവൻ പെയിന്റ് ചെയ്യേണ്ടിവരുന്ന അതിനെപ്പറ്റി ഒന്ന് ആലോചിച്ചു നോക്കൂ! തീർച്ചയായും നിങ്ങൾക്ക് പണനഷ്ടം ഉണ്ടാകും. അതിനു പകരം വീടിനകത്തെ ചെറിയ അറ്റകുറ്റപ്പണികൾ മാത്രമേ ആവശ്യമുള്ളൂ എങ്കിൽ വലിയ ചിലവ് വേണ്ടിവരില്ല. എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാവുന്ന വസ്തുക്കളിലെ പ്രശ്നങ്ങളും വലിയ കാര്യമാക്കേണ്ടതില്ല. ഇത്തരം കാര്യങ്ങൾ കൂടി ആലോചിച്ചു വേണം വീട് വാങ്ങാൻ.
ഫ്ലോർ പ്ലാൻ നിങ്ങളുടെ കുടുംബത്തിന് അനുയോജ്യമാണോ? മേൽക്കൂര പഴയതാണോ? ഫൗണ്ടേഷനിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? ഇലക്ട്രിക്കൽ അല്ലെങ്കിൽ പ്ലംബിംഗ് സിസ്റ്റത്തിൽ എന്തെങ്കിലും കുഴപ്പങ്ങളുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ വീട് തിരഞ്ഞെടുക്കും മുമ്പ് സ്വയം ചോദിക്കുക. ഇങ്ങനെ നിരവധി കാര്യങ്ങൾ അന്വേഷിച്ചു വേണം മുന്നോട്ടുനീങ്ങാൻ.