ഫുഡ് ട്രക്കുകളും ബസുകളുമൊക്കെ കേരളത്തിൽ വിരളമാണ്. വിദേശ രാജ്യങ്ങളിൽ വളരെ വിപുലമായി കണ്ടുവരുന്ന ഇത്തരം ഫുഡ് സ്റ്റോറുകൾ ഭക്ഷണപ്രിയരായ മലയാളികൾക്ക് വളരെ ഇഷ്ടവുമാണ്. ഇപ്പോഴിതാ അത്തരമൊരു സംരംഭം കേരളത്തിൽ ഒരുക്കുകയാണ് കെഎസ്ആർടിസി.
കെഎസ്ആർടിസിയും മിൽമയും സംയുക്തമായി ബസ്സിനുള്ളിൽ നിർമ്മിച്ച റസ്റ്റോറൻറ് ശ്രദ്ധേയമാകുകയാണ്. തൃശൂരിലാണ് ഈ റെസ്റ്റോറന്റ് നിർമ്മിച്ചിരിക്കുന്നത്. മിൽമയുടെ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ആണ് ഈ റസ്റ്റോറൻറ് വിൽപ്പന നടത്തുന്നത്.

ഒരേസമയം എട്ടു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന തരത്തിൽ മേശയും കസേരയും ക്രമീകരിച്ചിട്ടുണ്ട്. എയർകണ്ടീഷൻ ചെയ്ത ബസിനുള്ളിൽ വൃത്തിയുള്ള സംവിധാനങ്ങളോടെ ആണ് ഇത് പ്രവർത്തിക്കുന്നത്.
ഉപയോഗ ശൂന്യമായ ബസ് പുനർ നിർമ്മാണ പ്രവർത്തനം നടത്തിയാണ് മനോഹരമായ ഈ ആശയം പ്രാവർത്തികമാക്കിയിരിക്കുന്നത്. അതിമനോഹരമായാണ് ബസിന്റെ ഇന്റീരിയർ തയ്യാറാക്കിയിരിക്കുന്നത്. ഈ ബസ് കണ്ടാൽ ആർക്കുമൊന്ന് കയറിയിരിക്കാനും ഒരു ചായ കുടിക്കാനും തോന്നും എന്നുറപ്പാണ്.

നഷ്ടത്തിൽ ആവുന്ന കെഎസ്ആർടിസിക്ക് ഇത് ഒരു വരുമാനം ആവുകയും മിൽമയും ആയി ചേർന്ന് സംയുക്തമായി നടത്തുന്ന ഈ പദ്ധതിയിലൂടെ മറ്റു പലർക്കും ജോലിസാധ്യതയും ലഭ്യമാകുന്നു.
കെഎസ്ആർടിസിയിൽ പുതിയ എംഡി യുടെ പരിഷ്കാര നടപടികളുടെ ഭാഗമായാണ് ഈ പദ്ധതി.

ദൂരയാത്ര കഴിഞ്ഞ് വരുന്ന യാത്രക്കാർക്ക് ഏതുസമയവും മികച്ച ഗുണനിലവാരത്തിൽ ഭക്ഷണം ലഭിക്കുന്നത് ആശ്വാസകരമാണ്.
വൃത്തിയുള്ള സാഹചര്യത്തിൽ അമിത വിലയില്ലാത്ത ഭക്ഷണം എന്ന ഈ സൗകര്യം മറ്റു ജില്ലകളിലും ആരംഭിക്കണമെന്നാണ് പൊതു ആവശ്യം.