ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടനത്തിനൊരുങ്ങി എടപ്പാൾ മേല്‍പ്പാലം. പാലത്തിന്റെ മിനുക്കുപണി അവസാനഘട്ടത്തിലാണ്. പാലത്തിനിരുവശത്തെയും കൈവരികളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.

പാലത്തിനോടുചേര്‍ന്നുള്ള ജങ്ഷന്റെ സൗന്ദര്യവൽക്കരണം ആരംഭിച്ചു. പാലത്തിനടിയില്‍ ഇന്റര്‍ലോക്ക് കട്ട വിരിക്കല്‍ തുടങ്ങി. പാലത്തിനടിയിലും മുകളിലുമായി ടാറിങ് ജോലി അടുത്താഴ്ച തുടങ്ങും.
പെയിന്റിങ് ജോലി പൂര്‍ത്തീകരിച്ചുവരികയാണ്.
രണ്ടാഴ്ചക്കുള്ളില്‍ ഉദ്ഘാടനത്തിന് സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിര്‍മാണപ്രവൃത്തികൾ നടക്കുന്നത്.
നേരത്തേ 21 കോടി രൂപ ചെലവുവരുമെന്ന് പ്രതീക്ഷിച്ച എടപ്പാള്‍ മേല്‍പ്പാലത്തിന് 11.27 കോടി രൂപയുടെ പ്ലാനാണ് നിലവിൽ അംഗീകരിച്ചിട്ടുള്ളത്. ആദ്യ പ്ലാനില്‍ ആര്.ബി.ഡി.സി.കെ. വീണ്ടും പഠനംനടത്തി പുതിയ പദ്ധതിരേഖ (ഡി.പി.ആര്.) തയ്യാറാക്കിയാണ് ചെലവില്‍ വലിയ കുറവുവരുത്തിയത്. കോഴിക്കോട്-തൃശ്ശൂര്‍ റോഡില്‍ 220 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്.
ലൈറ്റുകള്‍, മറ്റ് ഇലക്ട്രിക്ക് ജോലികള്‍ ഒരാഴ്ചക്കകം പൂര്‍ത്തീകരിക്കും. കുറ്റിപ്പുറം റോഡില്‍ ഗതാഗതത്തിന് തടസ്സമായ കെട്ടിടങ്ങളുടെ മുന്‍വശം പൊളിച്ചുനീക്കുന്ന പ്രവൃത്തി പുരോഗമിക്കയാണ്.

തൃശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഗതാഗതക്കുരുക്ക് നേരിടുന്ന ജങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ഇവിടെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്.