വീടിനായി ഏറെ നാളുകളായി സമ്പാദിച്ചതെല്ലാം കൊടുത്ത് ഭൂമി വാങ്ങും മുൻപ് മനസിലാക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ തന്നെയാണ്.
അടുത്തിടെ പുതിയൊരു ഹൈക്കോടതി ഫുൾബെഞ്ച് വിധി വന്നിരുന്നു. ഈ വിധിയനുസരിച്ച് കൃഷിയാവശ്യങ്ങൾക്കല്ലാതെ നെൽവയൽ അനിയന്ത്രിതമായി ക്രയവിക്രയം ചെയ്യുന്നത് ഒഴിവാകും. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 ഓഗസ്റ്റ് 18നു പ്രാബല്യത്തിൽ വന്ന ശേഷം വീടുവയ്ക്കാൻ മാത്രമായി ഒരുതുണ്ടു പാടം വാങ്ങിയവർക്ക് അതു നികത്താൻ അർഹതയില്ലെന്നാണു ഹൈക്കോടതി ഫുൾബെഞ്ച് വ്യക്തമാക്കിയത്.

ഇതോടെ, നിയമം വന്ന ശേഷം പാരമ്പര്യമായി നെൽവയൽ കൈമാറി കിട്ടിയവർക്കും വീടുവയ്ക്കാൻ അനുമതി കിട്ടണമെന്നില്ല എന്നാണ് സൂചന. നെൽവയലിന്റെ ഉടമയ്ക്കു താമസിക്കാൻ വീടുവയ്ക്കാൻ വേണ്ടി പരിവർത്തനത്തിന് അനുമതി നൽകാനാണു നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളിൽ പരമാവധി 4.04 ആർ, നഗരപ്രദേശങ്ങളിൽ പരമാവധി 2.2 ആർ എന്നിങ്ങനെയാണു നികത്താൻ കഴിയുന്നത്. ഒറിജിനൽ ഉടമ ആണെങ്കിലും അനുമതി കിട്ടാൻ വ്യവസ്ഥകൾ ബാധകമാണ്.
ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് നിയമത്തിലെ 27 എയിൽ പറയുന്ന വ്യവസ്ഥകൾ. ‘വിജ്ഞാപനം ചെയ്തിട്ടില്ലാത്ത ഭൂമി’ പാർപ്പിടാവശ്യത്തിനോ മറ്റോ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നപക്ഷം ആർഡിഒയ്ക്ക് അപേക്ഷ നൽകാൻ ഉടമയ്ക്കു സാധ്യമാണെന്ന് ഈ വകുപ്പിൽ പറയുന്നു.
നിയമം വരുന്നതിനു മുൻപു നികത്തിയതും അടിസ്ഥാന നികുതി റജിസ്റ്ററിൽ പാടം എന്നു രേഖപ്പെടുത്തിയതും ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്തതോ അല്ലെങ്കിൽ റിമോട്ട് സെൻസിങ് സെന്ററിന്റെയോ എൽഎൽഎംസിയുടെയോ റിപ്പോർട്ടിൽ പാടം എന്നു പറയാത്തതോ ആയ ഭൂമിയാണു ‘വിജ്ഞാപനം ചെയ്തിട്ടില്ലാത്ത ഭൂമി എന്നതു കൊണ്ട് അർഥമാക്കുന്നത്.

ജില്ലയിൽ വീടു വയ്ക്കാൻ മറ്റു ഭൂമിയുണ്ടാകരുത്. നികത്തുന്നതു കൊണ്ട് പരിസ്ഥിതി ആഘാതമില്ലെന്നും സമീപ വയലുകളിലെ കൃഷിയെ ബാധിക്കില്ലെന്നും മറ്റുമുള്ള വ്യവസ്ഥകൾ കൂടി പരിശോധിച്ചാണ് പ്രാദേശിക തല നിരീക്ഷണ സമിതി ജില്ലാ ഓതറൈസേഷൻ കമ്മിറ്റിക്കു ശുപാർശ നൽകുന്നത്. ഡിഎൽഎസിയുടെ തീരുമാനത്തിന്മേൽ 30 ദിവസത്തിനകം കലക്ടർക്ക് അപ്പീൽ നൽകാൻ വ്യവസ്ഥയുണ്ട്.
വീടുവയ്ക്കാൻ നെൽവയലിന്റെ പരിവർത്തനത്തിന് അനുമതി നൽകുന്ന കേസുകളിൽ റവന്യു രേഖകളിൽ ഭൂമിയുടെ തരം മാറ്റി നൽകേണ്ടതില്ലെന്നു റവന്യു വകുപ്പിന്റെ സർക്കുലറുണ്ട്. നിയമം വന്ന ശേഷം നെൽപ്പാടം വാങ്ങിയവർക്ക് ആ ഭൂമി നെൽകൃഷിക്ക് ഉപയോഗിക്കാം.