വീടുകളുടെ ട്രെൻഡ് എപ്പോഴും മാറിക്കൊണ്ടിരിക്കും. കുറച്ചു വർഷങ്ങളായി എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റിയ ഡിസൈൻ മോഡലാണ് ഓപ്പൺ ലിവിങ് സ്റ്റൈൽ. ഓപ്പൺ കിച്ചണും ഓപ്പൺ ലിവിങ് റൂമും ടെറസുമൊക്കെ എല്ലാവർക്കും പരിചിതമായ കാര്യങ്ങളാണ്. എന്നാൽ ഓപ്പൺ ടോയ്ലറ്റ് കൺസെപ്റ്റ് എന്നൊന്ന് കേട്ടിട്ടുണ്ടോ?

എങ്കിലിതാ ഒടുവിൽ അത്തരമൊരു വീട് കൂടി വന്നിരിക്കുകയാണ്. വീടെന്ന് പറയുമ്പോഴേ മനസ്സിൽ വരുന്ന സ്വകാര്യതകളെയൊക്കെ മാറ്റിക്കളഞ്ഞാണ് ബോസ്റ്റണിലെ ഒരു വീട് നിർമ്മിച്ചിരിക്കുന്നത്. ഭിത്തിയും വാതിലുമില്ലാത്ത ടോയ്ലറ്റുകളാണ് ഈ വീടിനെ വേറിട്ടതാക്കുന്നത്.
ബോസ്റ്റണ്ലെ ഒരു റിയൽ എസ്റ്റേറ്റ് വെബ്സൈറ്റായ സില്ലോയാണ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ ഈ വിചിത്ര വീടിനെ പറ്റി പങ്കുവച്ചിരിക്കുന്നത്.
1910 ൽ നിർമ്മിച്ച ഓപ്പൺ ബാത്ത്റൂം വീട് ഇപ്പോൾ വിൽപനയ്ക്ക് വച്ചിരിക്കുയാണ്. 9,00,000 ഡോളറാണ് വില, അതായത് ആറര കോടി രൂപ.
മൂന്ന് നിലയുള്ള വീടിന് നാല് കിടപ്പുമുറികളാണ് ഉള്ളത്. മൂന്ന് ബാത്ത്റൂം, ബാൽക്കണികൾ, തടികൊണ്ടുള്ള ഫ്ളോറിങ്ങ്, വലിയ പാർക്കിങ് ഏരിയ എന്നിവയും 2001 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള ഈ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. പുറത്തു നിന്ന് നോക്കിയാൽ സാധാരണ വീടെന്നു തോന്നും. അകത്തു കയറിയാലാണ് ഞെട്ടുന്നത്.
വീട്ടിലേക്ക് കയറി വരുമ്പോൾ തന്നെയാണ് ഈ ഓപ്പൺ ബാത്ത്റൂം ഉള്ളത്. സ്വകാര്യത ഒട്ടുമില്ല. ഇരുവശങ്ങളിലായി ഉള്ളിലേക്ക് കാണാൻ പറ്റുന്ന കണ്ണാടി മറയാണ് ഉള്ളത്. എന്നാൽ വാതിൽ ഇല്ല. മുറിയിൽ നിന്ന് നേരിട്ട് ബാത്ത്റൂമിലേക്ക് കടക്കാം. മോഡേൺ ഡിസൈനിലാണ് ബാത്ത്റൂമിന്റെ നിർമാണം. വാക്ക് ഇൻ ഷവർ, ടോയിലറ്റ്, സിങ്ക് എന്നിവയെല്ലാം ഇതിലൊരുക്കിയിട്ടുണ്ട്. ഷവറിനും ടോയിലറ്റിനും ഇടയിൽ ഗ്ലാസ് ആണ്. ടോയിലറ്റിനും സിങ്കിനും ഇടയിൽ ഫ്രോസ്റ്റഡ് ഗ്ലാസാണുള്ളത്.
ഈ വീട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇങ്ങനെയൊരു വീട്ടിൽ എങ്ങനെ ജീവിക്കും എന്നാണ് പലരുടെയും ചോദ്യം. എന്തായാലും വീട് വാങ്ങാൻ തയ്യാറായി ആരെങ്കിലും വരുമോ എന്ന് കാത്തിരുന്നു കാണാം.