മഴക്കാലമെത്തിയിരിക്കുകയാണ്. ഇനി പായലും പൂപ്പലുമൊക്കെ വീട്ടുടമകൾക്ക് തലവേദനയുണ്ടാക്കാൻ തുടങ്ങും. ഈ പ്രശ്നങ്ങൾക്ക് പരിഹാരം വീട് നിർമ്മാണം മുതൽക്കെ തന്നെ ഉണ്ടാവേണ്ടതാണ്. നിർമ്മാണഘട്ടത്തിൽ ഓരോ നിമിഷത്തിലും ഇടപെട്ടാലെ ആരോഗ്യമുള്ള ഭവനം രൂപപ്പെടൂ. ഒപ്പം ആവശ്യമായ സമയങ്ങളിൽ കൃത്യമായ പരിപാലനവും വേണം.

വീട് നിർമ്മിച്ചതോടെ ജോലി കഴിഞ്ഞു എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സത്യാവസ്ഥ അങ്ങനെയല്ല. ഇനിയാണ് കൂടുതൽ ശ്രദ്ധ ആവശ്യമായിട്ടുള്ളത്. നമ്മുടെ ആരോഗ്യത്തിലൂടെയും അധ്വാനത്തിലൂടെയും ലഭ്യമാകുന്ന പണം കൊണ്ടാണ് സ്വന്തമായൊരു വീടൊരുക്കുന്നത്. ഇങ്ങനെ സ്വന്തമായ ഭവനം പൂർത്തീകരിച്ചാൽ എല്ലാം കഴിഞ്ഞെന്നുള്ള ഭാവമാണ് മിക്കവർക്കും. ഇനി മറ്റൊന്നും വീടിനുവേണ്ടി ചെയ്യേണ്ട എന്ന കാഴ്ചപ്പാടാണ് നമുക്ക്. തെറ്റായ നിലപാടും വിശ്വാസവുമാണത്. ഇങ്ങനെയുള്ള ചിന്തകൾ വളരാനുള്ള പ്രധാന കാരണം പാർപ്പിട നിരക്ഷരതയാണ്.
വീട്ടുടമയ്ക്കും മറ്റ് കുടുംബക്കാർക്കും ഇത് സംബന്ധിച്ച വ്യക്തമായ അറിവ് ഉണ്ടാകണം. നിർമാണ സമയത്ത് ആർക്കിടെക്ടോ എൻജിനീയറോ വീട്ടുകാർക്ക് ഇക്കാര്യങ്ങളിൽ വ്യക്തമായ അറിവ് നൽകണം. വിദേശ രാജ്യങ്ങളിൽ ഇങ്ങനെ വീട്ടുടമസ്ഥർക്ക് അറിവ് നൽകണമെന്ന് നിയമമുണ്ട്. നമ്മുടെ നാട്ടിൽ അതില്ല.
കൃത്യമായ പരിപാലനം നൽകിയാൽ വീടിന്റെ ആയുസ്സ് ദീർഘിപ്പിച്ച് ആരോഗ്യമുളള ഭവനമായി നിലനിർത്താൻ കഴിയും. അല്ലെങ്കിൽ രോഗാതുരമായ ഒരു ഭവനത്തിന്റെ ഉടമയായി നമ്മൾ മാറും. വീടിനെ പരിപാലിക്കുന്നത് കൊണ്ട് ഏറെ ഗുണങ്ങളാണ് ഉള്ളത്. ഭവനം എപ്പോഴും സുരക്ഷിതമായിരിക്കും എന്നതാണ് പ്രധാനം.
ശരിയായ വിധം പരിപാലിക്കാതിരുന്നാൽ മഴക്കാലത്ത് വീടിന് ചോർച്ചയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ചോർച്ച മൂലം വീടിനുള്ളിൽ ഈർപ്പം കൂടുതാലാവും. അത് ബാക്ടീരിയയും ഫംഗസുമൊക്കെ ക്രമാതീതമായി വർധിച്ച് വീട്ടിലുള്ളവർക്ക് അലർജി രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. കൂടാതെ ദുർഗന്ധം വമിക്കാനുള്ള സാധ്യതയും കൂടുതലാണ്. ചിലപ്പോൾ കേടുപാടുകൾ തീർകേണ്ടത് സെപ്ടിക് ടാങ്കിലെ കുഴലുകൾക്കായിരിക്കും. ഇതിന് ചോർച്ചയുണ്ടായാൽ സമീപത്തെ ജലാശയങ്ങളിൽ കോളിഫോം ബാക്ടീരിയ കലരാൻ ഇടയാവും. ജലജന്യ രോഗങ്ങൾ പകരാൻ ഇത് മതി.

വീടിനുണ്ടാകുന്ന ചെറിയ പ്രശ്നങ്ങളെല്ലാം ഒരു താമസവും കൂടാതെ പരിഹരിക്കുന്നതാണ് ഉചിതം. ആരംഭത്തിലേ പരിഹരിച്ചാൽ പണവും സമയവും ലാഭം.
വീട് പരിപാലനത്തിന് മാർഗങ്ങൾ പലതുണ്ട്. ഉദാഹരണത്തിന്: വാട്ടർ ടാങ്ക് വൃത്തിയാക്കുക, ഗ്രീസ്ടാപ്പ് വൃത്തിയാക്കുക, എ.സി ക്ലീൻ ചെയ്യുക, ഇ.എൽ.സി.ഡി ശരിയാവിധം പ്രവർത്തിക്കുന്നണ്ടോ എന്ന് ഉറപ്പാക്കുക. ഗാർഡൻ വൃത്തിയാകുക, ബാത്ത്റൂമുകൾ നന്നാക്കുക, വീടിന് ചുറ്റും ക്ഷുദ്രജീവികൾ പെരകുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. എന്നിങ്ങനെ പലവഴികൾ.
മറ്റൊന്ന് കാലാവസ്ഥയെ അറിഞ്ഞിരിക്കണം എന്നതാണ്. കാലാവസ്ഥാവ്യതിയാനം നമ്മുടെ നാടിനെ പിടിച്ചുലയ്ക്കുന്ന സമയമാണിത്. കാലവസ്ഥാ വ്യതിയാനത്തിലുടെ സംഭവിക്കാവുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഒരു ആർകിടെക്ടിനോട് ചോദിച്ച് മനസ്സിലാക്കണം. വിള്ളലാണ് ഇതിൽ പ്രധാനമായി കണ്ടുവരുന്നത്. ചിലപ്പോൾ ഊഷ്മാവിന്റെ തോതനുസരിച്ച് വികാസവും സങ്കോചവും സംഭവിക്കുമ്പോൾ വിള്ളലുണ്ടാകാം. ഭാരവാഹക ശേഷി നഷ്ടപ്പെട്ടാലും ഇത് സംഭവിക്കാം. വിള്ളൽ ശ്രദ്ധയിൽ പെട്ടാൽ ഒരു സ്ട്രക്ചറൽ എൻജിനീയറെ കാണിച്ച് അഭിപ്രായം തേടേണ്ടതാണ്. മഴയ്ക്ക് മുമ്പ് തന്നെ ചോർച്ച ഒഴിവാക്കണം. ടെറസ്സ് മുമ്പേ തന്നെ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.