വ്യത്യസ്തമായ നിരവധി വീടുകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ വാഹനങ്ങളുടെ രൂപത്തിലുള്ള വീടുകൾ കണ്ടിട്ടുണ്ടോ കണ്ടിട്ടില്ലെങ്കിൽ ഇതാ ചെന്നൈയിലേക്ക് പോന്നോളൂ…

ചെന്നൈ സ്വദേശിയായ ആർക്കിടെക്റ്റ് അരുൺ പ്രഭു എൻ.ജി സോഷ്യൽ മീഡിയയിലെ താരമാണ് ഇപ്പോൾ. കാരണം വേറൊന്നുമല്ല. അരുൺ തയ്യാറാക്കിയ ഓട്ടോറിക്ഷയിലെ വീട് തന്നെ. ഓട്ടോറിക്ഷയെ മൊബൈൽ ഹോം ആക്കുകയാണ് അരുൺ ചെയ്തത്. വലിയ നിർമാണച്ചെലവില്ലാത്ത ചെറിയ വീടുകൾ ആളുകളെ പരിചയപ്പെടുത്താനാണ് അരുൺ ഈ വീട് നിർമിച്ചത്.

ചിത്രങ്ങളും അരുൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ആനന്ദ് മഹീന്ദ്രയും അഭിനന്ദനവുമായെത്തി. ഒപ്പം അരുണിനൊപ്പം ജോലി ചെയ്യണമെന്ന ആഗ്രഹവും ആനന്ദ് മഹീന്ദ്ര പ്രകടിപ്പിച്ചിട്ടുണ്ട്.

ചെറിയ ഇടങ്ങളുടെ പ്രാധാന്യമാണ് അരുൺ നിർമിച്ച ഈ വീട് കാട്ടിത്തരുന്നത്. മഹാമാരിക്ക് ശേഷം ആളുകളിൽ കൂടുതലായി ആഗ്രഹിക്കുന്നത് യാത്രചെയ്യാനാവും. ഈ ട്രെൻഡിന് സഹായിക്കുന്ന വിധമാണ് അരുണിന്റെ വീട്.

Solo 0.1 എന്നാണ് തന്റെ വീടിന് അരുൺ പേര് നൽകിയിരിക്കുന്നത്. മൊത്തം നിർമാണച്ചെലവ് ഒരു ലക്ഷമാണ്. ഒരു ബെഡ്റൂം, അടുക്കള, ബാത്ത്റൂം, വർക്ക്സ്പേസ് എന്നിവയാണ് വീടിന്റെ ഭാഗങ്ങൾ. ഒപ്പം വാട്ടർടാങ്കും വൈദ്യുതി ലഭിക്കാനായി സോളാർപാനൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്.