ഒരു വീട്ടിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന സ്ഥലമാണ് പ്രവേശന കവാടം. വീട്ടിലെത്തുന്ന അതിഥികളെ ഏറ്റവും ആദ്യം ആകർഷിക്കുന്ന ഘടകവും നമ്മുടെ വീടിന്റെ പ്രവേശനകവാടം തന്നെയാണ്. അതുകൊണ്ട് തന്നെ ഏറ്റവും മനോഹരമായും വൃത്തിയായും ഒരുക്കേണ്ട സ്ഥലവും ഇതു തന്നെയാണ്. പ്രവേശനകവാടം മനോഹരമാക്കുന്നതിന് ചില എളുപ്പമാർഗങ്ങളുണ്ട്.

ഇടുങ്ങിയ സ്ഥലം കൂടുതൽ വിശാലമാണെന്ന് തോന്നിപ്പിക്കുന്നതിന് കണ്ണാടിക്ക് കഴിയും. വീട്ടിലേക്ക് കയറിച്ചെല്ലുന്ന ഇടം ഇടുങ്ങിയതാണെങ്കിൽ ഇവിടെ ഒരു വലിയ കണ്ണാടി വയ്ക്കാം. ഇതിനു പുറമെ പുറത്തേക്ക് പോകുമ്പോൾ കണ്ണാടി നോക്കാനും സാധിക്കും.
പ്രധാന വാതിലിന് എതിർവശത്തായി ഡ്രോയറുള്ള മേശ വയ്ക്കുന്നത് ഭംഗിക്ക് മാത്രമല്ല പെട്ടെന്നുള്ള ഉപയോഗങ്ങൾക്കും ഗുണകരമാകും. പെട്ടെന്ന് ശ്രദ്ധയാകർഷിക്കുന്ന മെഴുകുതിരി സ്റ്റാൻഡുകളോ അലങ്കാര വസ്തുക്കളോ ഇതിനുമുകളിൽ വയ്ക്കാം.

വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ പെട്ടെന്ന് എടുക്കാൻ പാകത്തിൽ ബില്ലുകൾ, പേന, വാഹനങ്ങളുടെ താക്കോലുകൾ, കോവിഡ് കാലമായതിനാൽ മാസ്ക്, സാനിറ്റൈസർ മുതലായവയും വലിപ്പിനുള്ളിൽ വയ്ക്കാം. മുറി ഇടുങ്ങിയതാണെങ്കിൽ മേശയുടെ വലുപ്പം അധികമാകാതെ ശ്രദ്ധിക്കണം.

അതിഥികളുടെ ശ്രദ്ധ നേടുന്നതിന് ഭിത്തിയിൽ കടുംനിറമുള്ള പെയിന്റ് അടിക്കാം. ഇതിനു പുറമെ അലങ്കാര വസ്തുക്കൾ തൂക്കാം. വാൾപേപ്പറുകൾ, ഉരുളൻകല്ലുകൾ, മെറ്റാലിക് പെയിന്റ്, ഡിസൈനർ ടൈൽസ് എന്നിവ കൊണ്ട് ഇവിടെ അലങ്കരിക്കാം.
ഫോട്ടോഗ്രാഫുകൾ, ഛായാചിത്രങ്ങൾ, സ്മാരക ചിഹ്നങ്ങൾ തുടങ്ങിയവ ഭിത്തിയിൽ തൂക്കാം. ഇവിടം സ്വകാര്യമായി തോന്നുന്നതിന് ഇത് മികച്ച മാർഗമാണ്. എന്നാൽ, ഇവ എല്ലാം വെച്ച് ഭിത്തി തിങ്ങി ഞെരുങ്ങിയിരിക്കാതെ ശ്രദ്ധിക്കണം.

വരാന്തയോട് ചേർന്ന് ഇൻഡോർ പ്ലാന്റുകളിലേതെങ്കിലും ഒന്ന് വയ്ക്കാം. പച്ചപ്പ് നിറയുന്നതോടെ അതുവരെയുണ്ടായിരുന്ന വീടിന്റെ ലുക്ക് തന്നെ മാറുന്നത് കാണാൻ സാധിക്കും.