കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബജറ്റാണ് വരാൻ പോകുന്നത്. മാർച്ച് 11 ന് ധനമന്ത്രി കെ എൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. രണ്ടു വർഷത്തിനുശേഷം ഭൂമിയുടെ ന്യായവില സർക്കാർ വീണ്ടും വർധിപ്പിക്കാൻ പോകുന്നതായാണ് സൂചന.
കോവിഡ് മൂലം തളർച്ചയുടെ വക്കിലുള്ള റിയൽ എസ്റ്റേറ്റ് ബിസിനസിനെയും വീട് വിൽക്കാൻ ആഗ്രഹിക്കുന്നവരെയും ഇത് കാര്യമായി ബാധിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ന്യായവിലയുടെ അഞ്ചിരട്ടിയിലേറെയാണു ശരിക്കുള്ള ഭൂമിവിലയെന്നാണു മുൻപു സർക്കാർ നടത്തിയ പഠനത്തിലെ കണ്ടെത്തൽ. തുടർന്നു പല ഘട്ടങ്ങളിലായി ന്യായവില കൂട്ടി വിപണി വിലയ്ക്കൊപ്പം എത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പു കണക്കിലെടുത്ത് ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ വർധന ഒഴിവാക്കി. അന്നു വേണ്ടിയിരുന്ന 10% വർധന കൂടി ചേർത്ത് ഇപ്പോൾ 20% വരെ വർധിപ്പിക്കാമെന്ന ശുപാർശയാണു ധനവകുപ്പിനു ലഭിച്ചിരിക്കുന്നത്.
ന്യായവില കൂടുന്നതോടെ ഭൂമിയിടപാടുകളും ഭൂമിവിലയും കുറയാനിടയുണ്ട്. 2010 ലാണ് സംസ്ഥാനത്തു ഭൂമിക്കു ന്യായവില നിശ്ചയിച്ചത്. പലവട്ടം കൂട്ടിയതു കാരണം 2010 ലെ വിലയുടെ 199.65 ശതമാനമായി ഇപ്പോൾ ആകെ വർധന. കണക്കുകൂട്ടാൻ എളുപ്പത്തിനായി ഇത് 200% ആയാണു ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
10 മുതൽ 20% വരെ വർധനയാകാമെന്നാണു ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും റജിസ്ട്രേഷൻ വകുപ്പിന്റെയും ശുപാർശ. ബജറ്റിൽ പ്രഖ്യാപനമുണ്ടായാൽ അടുത്തമാസം ഒന്നിനു പുതിയ ന്യായവില നിലവിൽ വരും.
ന്യായവില വർധനയുടെ ഭാരം സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്ട്രേഷൻ ഫീസിലുമാണു പ്രതിഫലിക്കുക. ന്യായവിലയുടെ 8% സ്റ്റാംപ് ഡ്യൂട്ടിയും 2% റജിസ്ട്രേഷൻ ഫീസുമായാണ് ഇപ്പോൾ ഈടാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ സ്റ്റാംപ് ഡ്യൂട്ടി ഈടാക്കുന്നതു കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ ഇതു ശരാശരി 5% ആണ്.
കേരളത്തിലും സ്റ്റാംപ് ഡ്യൂട്ടി 5 % ആയി കുറയ്ക്കണമെന്ന നിർദേശവും സർക്കാരിനു ലഭിച്ചിട്ടുണ്ട്. റജിസ്ട്രേഷൻ സമയത്തു നൽകേണ്ട ആധാരത്തിന്റെ പകർപ്പായ ഫയലിങ് ഷീറ്റ് ഓൺലൈനാക്കുക, എല്ലാ ആധാരങ്ങൾക്കും ഇ-സ്റ്റാംപിങ് ഏർപ്പെടുത്തുക എന്നീ പരിഷ്കാരങ്ങളും ഏപ്രിൽ 1 മുതൽ നടപ്പാക്കാൻ ആലോചനയുണ്ട്.