ഭവനം എന്നത് ഒരാളുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽപ്പെടുന്ന ഒന്നാണ്. വീടിനായി തനിക്ക് ഏറ്റവും അനുയോജ്യമായ വായ്പ തരപ്പെടുത്തി എടുക്കേണ്ടതിന്റെ പൂർണ ഉത്തരവാദിത്വം അത് എടുക്കുന്നയാൾക്കു തന്നെയാനുണ്ടാവുക. അതുകൊണ്ട് വീടിനായി ലോൺ എടുക്കുമ്പോൾ രണ്ടു തവണ ആലോചിക്കേണ്ടതുണ്ട്.

വീടോ ഫ്ളാറ്റോ വാങ്ങാനാണ് ഉദ്ദേശ്യമെങ്കിൽ അതിനു വേണ്ട ബജറ്റ് എത്രയെന്ന് ആദ്യമേ തീരുമാനിക്കണം. വീട് മോടി കൂട്ടാനോ അറ്റകുറ്റപ്പണിക്കോ ആണ് ഭവനവായ്പ എടുക്കുന്നതെങ്കിൽ അതിനായുള്ള ബജറ്റും ആദ്യമേതന്നെ തീർച്ചപ്പെടുത്തണം. വായ്പ എടുക്കുംമുമ്പ് ചില കാര്യങ്ങൾ മനസ്സിലാക്കുന്നത് നന്നായിരിക്കും.
ഭവനവായ്പ എടുക്കുന്ന ഒരാൾ പ്രതിമാസം വായ്പയിലേക്ക് തിരിച്ചടയ്ക്കേണ്ട തുകയാണ് ഇ.എം.ഐ. വായ്പ എടുക്കുന്ന തുകയ്ക്കും പലിശനിരക്കിനും തിരിച്ചടവ് കാലാവധിക്കും ആനുപാതികമായി ഇ.എം.ഐ.യിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും. ഭവനവായ്പ എടുക്കാനുദ്ദേശിക്കുന്ന ഒരാൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ഇതുതന്നെ. ബാങ്കുകൾ ഒരാൾക്ക് വായ്പ നല്കുന്നതിനുള്ള പരമാവധി തുക എത്രയെന്നു നിശ്ചയിക്കുക പലതരത്തിലാണ്.
ചില ബാങ്കുകൾ ഒരാളുടെ ഇതര കിഴിവുകൾക്കു ശേഷമുള്ള പ്രതിമാസ ശമ്പളത്തിന്റെ 25 മടങ്ങോ 30 മടങ്ങോ ഭവനവായ്പയായി നല്കുമ്പോൾ, മറ്റു ചില ബാങ്കുകൾ പ്രതിമാസ തിരിച്ചടവ് മൊത്ത മാസശമ്പളത്തിന്റെ 50 ശതമാനത്തിൽ കവിയാൻ പാടില്ലെന്ന് നിഷ്കർഷിക്കുന്നു. മറ്റു വായ്പകളോ അടവുകളോ ഉണ്ടെങ്കിൽ അതുകഴിഞ്ഞിട്ടുള്ള തുകയേ ലഭിക്കൂ.
ഭവനവായ്പ എടുക്കാൻ ആഗ്രഹിക്കുന്നയാൾ ബാങ്കിൽനിന്നും തരപ്പെടുത്തിയെടുക്കാനാകുന്ന തുക എത്രയെന്നും ആയതിലേക്ക് പ്രതിമാസം തനിക്ക് എത്ര രൂപ പരമാവധി തിരിച്ചടയ്ക്കാനാകുമെന്നും ആദ്യം തന്നെ അറിഞ്ഞിരിക്കണം. നിലവിലുള്ള പലിശനിരക്കിന് ആനുപാതികമായി വിവിധ കാലയളവിലേക്ക് എന്തായിരിക്കും ഇ.എം.ഐ. എന്നത് ബാങ്കുകളുടെ വെബ്സൈറ്റിൽനിന്നോ ശാഖകളിൽനിന്നോ കൃത്യമായി അറിയാൻ സാധിക്കും.
പലിശനിരക്കും ഇ.എം.ഐ.യും താരതമ്യം ചെയ്യുമ്പോൾ ഇതുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മറ്റുചില ചെലവുകൾകൂടി താരതമ്യം ചെയ്യണം. ബാങ്കുകൾ വായ്പ അനുവദിച്ചു നൽകുമ്പോൾ ഈടാക്കുന്ന പ്രോസസിങ് ഫീ, വാല്യൂവേഷൻ ചാർജ്, ലീഗൽ ചാർജ്, ഡോക്യുമെന്റേഷൻ ചാർജ് എന്നിവയൊക്കെ എത്രയെന്ന് ആദ്യമേതന്നെ ചോദിച്ചറിയണം.
വിവിധ ബാങ്കുകൾ ഇത്തരത്തിൽ ഈടാക്കുന്ന ചാർജുകൾ വ്യത്യസ്തമായതിനാൽ ഒരു താരതമ്യപഠനം ഇവിടെയും നടത്തേണ്ടതുണ്ട്.
ഓരോരുത്തരുടെയും സാമ്പത്തിക ചുറ്റുപാടുകൾക്ക് അനുയോജ്യമായ ഭവനവും ബജറ്റും ആയിരിക്കണം വിഭാവനം ചെയ്യേണ്ടത്.

ഭവനവായ്പയുമായി ബന്ധപ്പെട്ട് ബാങ്കുകളിലും ഇതര ധനകാര്യ സ്ഥാപനങ്ങളിലും നൽകേണ്ടുന്ന രേഖകൾ ഏതെന്ന് ആദ്യമേ അറിഞ്ഞിരിക്കുന്നത് ഭവനവായ്പ അനുവദിച്ചു കിട്ടാൻ വേണ്ടുന്ന കാലതാമസം ഒഴിവാക്കും. നിങ്ങൾ വാങ്ങുവാൻ പോകുന്ന അഥവാ വീടുവയ്ക്കുവാൻ പോകുന്ന സ്ഥലത്തിന്റെ ആധാരം, മുന്നാധാരം, കരം അടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്, ബാധ്യതാ സർട്ടിഫിക്കറ്റ് എന്നിവയാണ് സാധാരണ ഗതിയിൽ വായ്പയ്ക്കായി ബാങ്കിൽ സമർപ്പിക്കേണ്ടിവരിക.
യോഗ്യതയ്ക്ക് അനുസരിച്ച് മാത്രമല്ല ബാങ്കുകൾ വായ്പ നൽകുക. ഒരു നിശ്ചിത ശതമാനം തുക വീട് വാങ്ങുന്നതിലേക്കായി ‘മാർജിൻ’ തുകയായി ഓരോരുത്തരും കരുതേണ്ടി വരും. മേൽപ്പറഞ്ഞ ഉദാഹരണത്തിൽ ബാങ്കിൽനിന്ന് 9.50 ലക്ഷം രൂപ വായ്പയായി അനുവദിച്ചുകിട്ടാൻ ഒരാൾക്ക് യോഗ്യത ഉണ്ടെങ്കിൽ പോലും 10 ലക്ഷം രൂപയുടെ വീടാണ് നിങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ 20 ശതമാനം മാർജിൻ നിഷ്കർഷിക്കുന്ന ഒരു ബാങ്കിൽനിന്നും നിങ്ങൾക്ക് പരമാവധി ലഭിക്കുന്ന വായ്പ എട്ടു ലക്ഷം രൂപ മാത്രമായിരിക്കും. മാർജിൻ ആയ രണ്ടു ലക്ഷം രൂപ ഈ വീട് വാങ്ങാൻ കൈവശം ഉണ്ടായിരിക്കണം എന്നു സാരം. ഭവന വായ്പ പ്ലാൻ ചെയ്യുമ്പോൾ മാർജിൻ മണി എത്ര വേണ്ടിവരുമെന്നും അത് എങ്ങനെ സംഘടിപ്പിക്കാനാകുമെന്നും നേരത്തേതന്നെ ആസൂത്രണം ചെയ്യണം.