
ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. നിർമ്മാണം അവസാനഘട്ടത്തിലാണ് ഇപ്പോൾ. കാശ്മീരിനെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് പാലം നിർമ്മാണത്തിന്റെ പ്രധാന ലക്ഷ്യം. റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് നിർമ്മാണത്തിന്റെ ചിത്രവും വിവരങ്ങളും പുറത്തുവിട്ടത്.
ജമ്മു കാശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്കു കുറുകെ നിർമ്മിക്കുന്ന റെയിൽവേ പാലമാണ് ചെനാബ് റെയിൽവേ പാലം. കാശ്മീർ റെയിൽവേയുടെ ഭാഗമായ ഉധംപൂർ കാട്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പാതയിലാണ് പാലം നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയാവുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമായിരിക്കുമിത്. 1,315 മീറ്റർ നീളത്തിലും നദി തടത്തിൽ നിന്ന് 359 മീറ്റർ ഉയരത്തിലുമായി 17 സ്പാനുകളിലായി ആർച്ച് മാതൃകയിലാണ് പാലം നിർമ്മിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപറേഷനാണ് നിർമ്മാണ ചുമതല. പാലത്തിൻറെ നിർമ്മാണം ഉടൻ പൂർത്തിയാകും.
കുത്തബ്മിനാറിന്റെ അഞ്ചുമടങ്ങ് ഉയരവും 1,315 മീറ്റർ നീളവുമുള്ള ചെനാബ് പാലം കമാനാകൃതിയിലാകും പണിയുക. 72.5 മീറ്ററാണ് കുത്തബ് മിനാറിന്റെ ഉയരം. ബരാമുള്ളയെയും ശ്രീനഗറിനെയും ജമ്മുവുമായി ബന്ധിപ്പിക്കുന്ന പാലം വരുന്നതോടെ ഈ റൂട്ടിലെ സഞ്ചാരസമയം ഏഴുമണിക്കൂറായി കുറയും. കാറ്റിന്റെ വേഗം അളക്കാനുള്ള യന്ത്രമടക്കമുള്ള സാങ്കേതിക വിദ്യ പാലത്തിൽ ഉണ്ടാവും. കാറ്റിന്റെ വേഗത്തിനനുസരിച്ച് വണ്ടിയുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും മറ്റൊരു പ്രത്യേകതയാണ്.

പാലത്തിന് 120 വർഷത്തെ ആയുസ്സുണ്ടാവുമെന്നാണ് അനുമാനം. പാലത്തിലൂടെ 100 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാനാവും. കാശ്മീരിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് 35 വർഷം ആയുസുള്ള പെയിന്റാണ് പാലത്തിൽ ഉപയോഗിക്കുക.
പാലത്തിന്റെ സുരക്ഷയിലുള്ള ആശങ്കയെ തുടർന്ന് 2008 ൽ നിർമ്മാണം നിർത്തുകയും പിന്നീട് ആശങ്കകൾ പരിഹരിച്ച ശേഷം ചെനാബ് പ്രൊജക്റ്റ് ഒരു ദേശിയ പദ്ദതിയായി പ്രഖ്യാപിക്കുകയും 2010 ൽ പണി പുനരാരംഭിക്കുകയും ചെയ്തിരുന്നു.
Wow Great…