അടുക്കളയിലെ ഉപകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിൽ വീട്ടിലുള്ള എല്ലാവരുടെയും സമയക്രമം തെറ്റും. മിക്സി, ഫ്രിഡ്ജ്, ഓവൻ തുടങ്ങിയവ കൃത്യമായി പരിപാലിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്താൽ മാത്രമേ ദീർഘനാൾ ഇവ ഉപയോഗക്ഷമമാവൂ.
അടുക്കള ഉപകരണങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ നോക്കാം.
അടുക്കളയിലെ ഏറ്റവും പ്രധാന ഉപകാരങ്ങളിലൊന്നാണ് മിക്സർ ഗ്രൈൻഡർ. പലരും അശ്രദ്ധയോടെ ഉപയോഗിക്കുന്ന ഉപകരണവും ഇതുതന്നെയാണ്. അതുകൊണ്ട് തന്നെ മിക്സികൾക്ക് വളരെ വേഗത്തിൽ കേടുപാടുകൾ സംഭവിക്കാറുമുണ്ട്. മിക്സി കൂടുതൽ കാലം കേടുകൂടാതെ ഉപയോഗിക്കാൻ വളരെ കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാവും.

വരണ്ടതും നനഞ്ഞതുമായ ചേരുവകൾ മിക്സർ ഗ്രൈൻഡറിൽ പതിവായി ഉപയോഗിക്കുന്നതിനാൽ, ഓരോ ഉപയോഗത്തിനും ശേഷം വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. ജാറുകൾ എപ്പോഴും വെള്ളത്തിൽ നന്നായി കഴുകിയ ശേഷം കമിഴ്ത്തി വെക്കുക. ഉപയോഗത്തിനുശേഷവും ഉണ്ടാകുന്ന ദുർഗന്ധം അകറ്റാൻ ഇത് സഹായിക്കും. വൃത്തിയാക്കാൻ തുടങ്ങുന്നതിനുമുമ്പ് ബ്ലേഡുകൾ നീക്കംചെയ്യാൻ മറക്കരുത്. ബ്ലേഡുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഉപയോഗിക്കുന്നതിന് മുമ്പായി പാത്രം കൃത്യമായി അടയ്ക്കാൻ ശ്രദ്ധിക്കുക.
മിക്സി ഓൺ ചെയ്യുമ്പോൾ തന്നെ ഫുൾസ്പീഡിൽ ഉപയോഗിക്കുന്നവരാണ് കൂടുതലും. എന്നാൽ തുടക്കത്തിൽ തന്നെ പൂർണ്ണ വേഗതയിൽ ആരംഭിക്കുന്നതിനുപകരം ഏറ്റവും കുറഞ്ഞ വേഗതയിൽ ആരംഭിക്കുക. പിന്നീട് വേഗത കൂട്ടുക. ഇത് മോട്ടറിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. വളരെയധികം ചൂടുള്ള വസ്തുക്കൾ മിക്സിയിൽ ഉപയോഗിക്കുന്നത് മിക്സിയുടെ ആയുസ് കുറച്ചേക്കും. കൃത്യമായി പൊടിഞ്ഞോ അരഞ്ഞോ കിട്ടാതെ വരുന്നത് ബ്ലേഡുകളുടെ മൂർച്ച കുറഞ്ഞത്തിനാലോ മോട്ടറിന്റെ സ്പീഡ് കുറഞ്ഞതിനാലോ ആവാം.
മൈക്രോവേവ് ഓവനാണ് ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട മറ്റൊരു ഉപകരണം. ഒരു ദിവസം ഓവൻ എത്ര തവണ ഉപയോഗിക്കുന്നു എന്നതും നിങ്ങൾ എത്ര തവണ ഇത് വൃത്തിയാക്കുന്നു എന്നതും താപനില കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
ഓവന്റെ സെൽഫ് ക്ലീനിംഗ് ഫീച്ചർ ഉപയോഗിച്ച് ഓവൻ വൃത്തിയായി സൂക്ഷിക്കനാവും. ഓവൻ സെൽഫ് ക്ലീനിങ് ചെയ്യുന്നുണ്ടെങ്കിൽകൂടി ആഴ്ച്ചയിൽ രണ്ടു തവണ ഓവന്റെ ഉൾഭാഗം പൂർണ്ണമായി തുടച്ചു വൃത്തിയാക്കുക. ഓവൻ അൺപ്ലഗ് ചെയ്ത ശേഷം മാത്രം വൃത്തിയാക്കാൻ ശ്രദ്ധിക്കുക. താപനിലയുനുസരിച്ചു ചൂടാവാതെ വരുന്നതായി ശ്രദ്ധയിൽ പെട്ടാൽ തീർച്ചയായും റിപ്പയർ ചെയ്യുക.

ബേക്കിംഗ് ചെയ്യുമ്പോഴും ഒരു വലിയ ബേക്കിംഗ് ഷീറ്റ് ഇടുന്നത് പരിഗണിക്കുക. ഇത് വഴി ബേക്കിങ് ചെയ്യുമ്പോൾ പുറത്തു വീഴുന്ന വസ്തുക്കൾ ഒരുമിച്ച് എടുത്തു കളയാനാവും. ഒപ്പം റാക്കുകൾ വൃത്തിയാക്കാൻ മറക്കരുത്. ഓവന്റെ അടിയിലും വശങ്ങളിലും കൂടി ശ്രദ്ധയോടെ വൃത്തിയാക്കാൻ ശ്രമിക്കുക.
ഇതേ മാർഗ്ഗങ്ങൾ തന്നെ ഗ്യാസ് സ്റ്റൗവിലും പ്രയോഗിക്കാവുന്നതാണ്. പാചക സമയത്ത് ഭക്ഷണസാധനങ്ങൾ തിളച്ചു തൂവി സ്റ്റൗ വൃത്തികേട് ആവാറുണ്ട്. ഇത്തരത്തിൽ അഴുക്ക് കട്ടപിടിച്ച് കാലക്രമേണ ഇതിന്റെ നിറം മങ്ങുകയും ഗ്യാസ് സ്റ്റൗവിൽ തീ കത്തിക്കുന്ന ഭാഗം അടഞ്ഞു പോകുകയും ചെയ്യാറുണ്ട്. ഇത് ദിവസവും ക്ലീൻ ചെയ്തു വെച്ചാൽ കൂടുതൽ കാലം ഉപയോഗിക്കാനാവും.
Really nice article. Thank you for sharing such information