
വിഷുക്കാലമായിട്ടു കൂടി ഡിസ്കൗണ്ട് ഓഫറുകളടക്കം ഒഴിവാക്കിയിരിക്കുകയാണ് കെട്ടിട നിർമ്മാണ സാമഗ്രി വിൽപ്പനക്കാർ. വിലയിൽ യാതൊരു കിഴിവും ലഭിക്കുന്നില്ലെന്ന് മാത്രമല്ല, എല്ലാ ഉൽപ്പന്നങ്ങളുടെയും വില കുത്തനെ കൂടുകയും ചെയ്തു. കെട്ടിട നിർമ്മാണ ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ ഈ വർദ്ധനയിൽ ബുദ്ധിമുട്ടനുഭവിക്കുകയാണ് ജനങ്ങൾ.
കഴിഞ്ഞ മാസം വരെ ചാക്കിന് 70 രൂപ വരെ കമ്പനികൾ ഡിസ്കൗണ്ട് നൽകിയിരുന്നു. 360 മുതൽ 370 വരെ വിലയുണ്ടായിരുന്ന സിമന്റിന് ചാക്കൊന്നിന് ഇപ്പോൾ ഏകദേശം 450 രൂപ നൽകണം. അതായത് മാസത്തേക്കാൾ 100 രൂപയോളം ഒരു ചാക്ക് സിമന്റ് അധികം നൽകണം. ഏപ്രിൽ ഒന്നാം തീയതിയാണ് വില കൂട്ടിയത്.
വിലവർധനയ്ക്ക് ഒപ്പം സിമന്റ് കമ്പനികൾ നൽകിയിരുന്ന ഡിസ്കൗണ്ട് ഓഫറുകൾ പൂർണമായും നിർത്തിയതോടെ ഉപയോക്താക്കൾ വലയുകയാണ്. സിമന്റിന് മാത്രമല്ല, എല്ലാ വിഭാഗങ്ങളിലുമുള്ള സ്റ്റീൽ, ഇരുമ്പ് ഉൽപ്പന്നങ്ങൾക്കും കഴിഞ്ഞ മാസങ്ങളിൽ വലിയ വിലക്കയറ്റമാണുണ്ടായത്. ഈ മാസം മാത്രം മൂന്ന് രൂപ മുതൽ 7 രൂപ വരെയാണ് കിലോഗ്രാമിന് വർധിച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ 38.5 രൂപയായിരുന്ന ടിഎംടി സ്റ്റീൽ വില ഇപ്പോൾ നികുതിയില്ലാതെ 52 രൂപയ്ക്കാണ് ലഭ്യമാകുന്നത്. വിവിധതരം സ്റ്റീൽ കമ്പനികളുടെ വിലയിൽ കഴിഞ്ഞ ഒരു വർഷത്തിൽ 20 ശതമാനത്തിന് മുകളിലാണ് വർധനവുണ്ടായിരിക്കുന്നത്.
അലൂമിനിയത്തിന് 20%, പിവിസിക്ക് 30% എന്നിങ്ങനെയും വില കൂടിയിട്ടുണ്ട്. പൈപ്പ്, ടൈലുകൾ, പെയിന്റ് തുടങ്ങിയവയുടെ വിലക്കയറ്റവും കണക്കാക്കിയാൽ ചതുരശ്രയടിക്ക് 200 രൂപ വരെയും 1000 ചതുരശ്രയടി വീടിന് 2 ലക്ഷം വരെയും ചെലവു കൂടുന്നു.
സ്റ്റീലിന്റെ വില മാത്രം പരിഗണിച്ചാൽ വലിയ പദ്ധതികൾക്കു കോടികളുടെ അധികച്ചെലവാണുണ്ടാവുക. ഒരു പദ്ധതിയിൽ 700 ടൺ സ്റ്റീൽ സ്റ്റീലിന്റെ വില മാത്രം പരിഗണിച്ചാൽ വലിയ പദ്ധതികൾക്കു കോടികളുടെ അധികച്ചെലവാണുണ്ടാവുക. പുറമേ സിമന്റിനും മറ്റു സാധനങ്ങൾക്കും പെയിന്റിനും വന്ന അധികച്ചെലവ് കോടികളാണ്. സ്വാഭാവികമായും ഇത് വിപണിയിൽ പ്രതിഫലിക്കുക തന്നെ ചെയ്യും.

സിമന്റിന്റെ കാര്യമെടുക്കുമ്പോൾ സർക്കാറിന് ലഭിക്കുന്ന നികുതി 100 രൂപയ്ക്ക് മുകളിലാണ്. സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് 50 രൂപ വീതവും ലഭിക്കും. സിമന്റ് ചരക്ക് നീക്കത്തിന് 12 ശതമാനമാണ് ജിഎസ്ടി. ഉയർന്ന നികുതി വരുമാനം ലഭിക്കുന്നതിനാൽ സർക്കാർ തരത്തിലുള്ള ഇടപെടലുകൾ കാര്യക്ഷമമായി ഉണ്ടാകുന്നുമില്ല.